മാഹി: മാഹി വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്കാരത്തിൽ വ്യാപക പ്രതിഷേധം. നിലവിൽ സ്കൂളുകളിൽ ഉണ്ടായിരുന്ന കോഴ്സുകൾ ഇല്ലാതാക്കിയ നടപടിയിലാണ് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പ്രതിഷേധം.
മാഹി സി.ഇ. ഭരതൻ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഹ്യൂമാനിറ്റീസ് എടുത്തുകളഞ്ഞ നടപടിയിലും ജവഹർലാൽ നെഹ്റു ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുൾപ്പെടെ ബയോളജിക്കൽ സയൻസ് ഗ്രൂപ്പിൽ 40 സീറ്റ് കുറച്ച നടപടിയിലുമാണ് പ്രതിഷേധം. മാഹിയിൽ സീനിയർ സെക്കൻഡറി വിഭാഗത്തിൽ കുട്ടികളുടെ വ്യത്യസ്ത അഭിരുചിക്ക് അനുസൃതമായി ഏർപ്പെടുത്തിയ വിവിധ വിഷയങ്ങൾ ഇല്ലാതാക്കാൻ ചിലർ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് പരിഷ്കാരങ്ങൾ എന്നാണ് പരാതി.
സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റിസ് വിഷയങ്ങളുൾപ്പെടുന്ന സംവിധാനം അലങ്കോലപ്പെട്ട് കിടക്കുന്ന അവസ്ഥയാണ്. ഹ്യുമാനിറ്റിസ് വിഷയം പന്തക്കൽ ഐ.കെ.കെ സ്കൂളിലേക്ക് മാത്രമായി ചുരുക്കി.
ഇനി ഹ്യുമാനിറ്റീസ് ഗ്രൂപ് പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ പന്തക്കൽ ഐ.കെ. കുമാരൻ ഗവ.എച്ച്.എസ്.എസിൽ ചേരണം. ഇതോടെ 50 കുട്ടികൾക്ക് പഠിക്കാനുള്ള അവസരമാണ് അധികൃതർ ഇല്ലാതാക്കിയത്. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇവർ പുതുച്ചേരി വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. നാല് ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലായി അഞ്ച് വിഷയങ്ങൾക്കായി 650 സീറ്റുകൾ ഉണ്ടായിരുന്ന മാഹിയിൽ നിലവിൽ 480 സീറ്റുകൾ മാത്രമേയുള്ളൂ. 170 സീറ്റാണ് കുറഞ്ഞത്.
മാഹി സി.ഇ. ഭരതൻ സ്കൂളിൽ ഉണ്ടായിരുന്ന സയൻസ് ഗ്രൂപ് അനാവശ്യമായി ജെ.എൻ.ജി.എച്ച്.എസ്.എസിലേക്ക് മാറ്റി ആരംഭിച്ച തലതിരിഞ്ഞ പരിഷ്കാരം ഇപ്പോഴും തുടരുകയാണ്. ഇതേ വിദ്യാലയത്തിൽനിന്ന് ഹ്യുമാനിറ്റീസ് വിഷയങ്ങൾ ഒഴിവാക്കുകയും ചെയ്തു. 200 സീറ്റുണ്ടായിരുന്ന ബയോളജിക്കൽ സയൻസിന് ഇന്ന് മാഹിയിൽ 160 സീറ്റാണുള്ളത്. 40 സീറ്റിന്റെ കുറവുകാരണം നല്ല മാർക്ക് വാങ്ങിയ മാഹിക്കാരായ കുട്ടികൾക്ക് പ്രവേശനം കിട്ടാതെ വരുന്നത് അധികൃതർ കണ്ടിെല്ലെന്ന് നടിക്കുകയാണ്. ജെ.എൻ.എൽ മാത്രം 20 സീറ്റിന്റെ കുറവാണുള്ളത്. കോർ വിഷയമായ ഇംഗ്ലീഷ് ഉൾപ്പെടെ അഞ്ച് വിഷയങ്ങൾ നിജപ്പെടുത്തി ഏർപ്പെടുത്തിയ സി.ബി.എസ്.ഇ പാഠ്യപദ്ധതിയിലെ കോമ്പിനേഷനും കുട്ടികളെ ആശയകുഴപ്പത്തിലാക്കുന്നു. മാഹിയിലെ വിദ്യാർഥികളെ പ്രവേശിപ്പിച്ച ശേഷം ബാക്കി വരുന്ന സീറ്റുകളിൽ കേരളീയ വിദ്യാർഥികൾക്ക് പ്രവേശനം നൽകിയിരുന്നതും നിർത്താനാണ് അധികൃതരുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.