ന്യൂമാഹി: മാഹിപ്പാലത്തിന് സമീപം നിയന്ത്രണംവിട്ട ലോറി പുഴയിലേക്ക് മറിഞ്ഞു. പെരിങ്ങാടി റോഡിൽ പഴയ മിൽമ ബൂത്തിന് സമീപത്താണ് യന്ത്രത്തകരാർ കാരണം ലോറിയുടെ മുൻഭാഗം പുഴയിലേക്ക് താഴ്ന്നത്. പെരിങ്ങാടി റോഡ് തുടങ്ങുന്നിടത്താണ് പുഴയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് ലോറി മുന്നോട്ട് പോയത്. കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.
ശനിയാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. മാഹിപ്പാലത്തിന് സമീപം നിർത്തിയിട്ട ചമ്പാട് സ്വദേശി ശ്രീലേഷിന്റെ ട്രാവലറിൽ ഇടിച്ച ലോറി നിയന്ത്രണംവിട്ട് കോടിയേരി സ്വദേശി ഷംസുവിന്റെ ഓട്ടോയിലും തുടർന്ന് മൂന്ന് ഇരു ചക്ര വാഹനങ്ങളിലും ഇടിച്ച് മറിയുകയായിരുന്നു.
തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണ് മറിഞ്ഞ ലോറി. മാഹിപ്പാലത്തെ ഗതാഗതക്കുരുക്കിൽനിന്ന് മാറി ചൊക്ലി മോന്താൽ വഴി കുഞ്ഞിപ്പള്ളിയിലേക്ക് എത്താമെന്ന് കരുതി പെരിങ്ങാടി റോഡിലേക്ക് കയറിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റ ഡ്രൈവറെയും സഹായിയേയും മാഹി ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഇടിച്ച് റോഡിലും നടപ്പാതയിലുമുണ്ടായിരുന്ന ചെറിയ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. നിർത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകൾ ലോറിക്ക് അടിയിൽപെട്ട് തകർന്നു. ലോറിയുടെ ഡീസൽ ടാങ്ക് തകർന്ന് പുഴയിലെ വെള്ളത്തിൽ ഡീസൽ കലർന്നതിനാൽ അഗ്നിരക്ഷാസേന മാഹി യൂനിറ്റ് മോട്ടോർ വെച്ച് പുറത്ത് കളഞ്ഞു. 6.30 ഓടെ വടകരയിൽ നിന്ന് ക്രെയിൻ എത്തി പുഴയിൽ നിന് ലോറി റോഡിലേക്ക് കയറ്റി. സംഭവസമയത്ത് സ്ഥലത്ത് ആരുമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ന്യൂമാഹി പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.