മാഹി: മുഴപ്പിലങ്ങാട് -മാഹി ബൈപാസ് പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്. മേയിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. നേരത്തെ മാർച്ചോടെ പാത തുറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രവൃത്തി മെല്ലെപ്പോക്കിലായി. മറ്റുള്ള മേൽപാലങ്ങൾ പൂർത്തിയായെങ്കിലും മാഹി റെയിൽവേ മേൽപാലത്തിന്റെ പണി ഇഴഞ്ഞുനീങ്ങുകയാണ്.
മാഹി റെയിൽവേ സ്റ്റേഷനും കാരോത്ത് ഗേറ്റിനും തൊട്ടരികെ നിർമിക്കുന്ന മേൽപാലം പ്രവൃത്തിയാണ് കൃത്യമായ സമയങ്ങളിൽ റെയിൽവേയുടെ അനുമതി ലഭിക്കാതെ വൈകുന്നത്. 24 മണിക്കൂറും തൊഴിലാളികൾ ജോലി ചെയ്യാനെത്തുന്നുണ്ടെങ്കിലും വേഗത കുറച്ച് ട്രെയിൻ സഞ്ചരിച്ചാൽ മാത്രമെ പൈലിങ് ഉൾപ്പടെയുള്ള ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ. ചൊവ്വാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് ട്രെയിൻ വേഗം കുറക്കാൻ അനുമതി ലഭിച്ചതിന്റെ ആശ്വാസത്തിലാണ് നിർമാണ കമ്പനിയായ ഇ.കെ.കെ കൺസ്ട്രക്ഷൻ.
റോഡ് പ്രവൃത്തി മുഴുമിപ്പിച്ച സ്ഥലങ്ങളിൽ ടാറിങ് നടന്നു വരികയാണ്. ബൈപാസിലെ പ്രധാന പാലങ്ങളുടെ കോൺക്രീറ്റ് പണി അടക്കം പൂർത്തിയായി. മാഹി പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്റെ പണിയും തീർന്നിട്ടുണ്ട്. പാലത്തിന് സമാന്തരമായുള്ള റോഡിന്റെ പണിയാണ് നടക്കുന്നത്. എരഞ്ഞോളി പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പാലത്തിന്റെ സർവിസ് റോഡുകളുടെ സ്ഥലം ഏറ്റെടുക്കൽ നടപടി ഇതുവരെ പൂർത്തിയായിട്ടില്ല. ബൈപാസിന് 22 അടിപ്പാതകളാണുള്ളത്. രണ്ടര വർഷം അടച്ചിട്ട ചാലക്കര -പള്ളൂർ റോഡിന്റെ മേൽപാലം കഴിഞ്ഞ മാസം രമേശ് പറമ്പത്ത് എം.എൽ.എ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തിട്ടുണ്ട്.
മുഴപ്പിലങ്ങാട് പ്രദേശത്തെ പാലയാടുമായി ബന്ധിപ്പിക്കുന്ന ബൈപാസിന്റെ 420 മീറ്റർ നീളത്തിലുള്ള പ്രഥമപാലത്തിന്റെയും തലശ്ശേരി - മമ്പറം റോഡിന് കുറുകെ നിർമിക്കുന്ന 'ബാലം' പാലത്തിന്റെയും നിർമാണം പൂർത്തിയായി. ബാലം പാലം പണി പൂർത്തിയായെങ്കിലും അപ്രോച് റോഡിൽ മണ്ണിട്ട് ഉയർത്തുന്നതിന് മുമ്പ് റോഡ് ഉയർത്താൻ തൂണുകൾ പണിയേണ്ടതുണ്ട്. പാലയാട് നിന്ന് ബാലത്തേക്കുള്ള 900 മീറ്റർ മേൽപാലം ബാലം ഭാഗത്ത് കുറച്ചുദൂരം കൂടി നീളം കൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ സമരരംഗത്തുണ്ട്. ഈ ആവശ്യവുമായി ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് ഇവർ കോടതിയെ സമീപിച്ചിട്ടുമുണ്ട്. അല്ലെങ്കിൽ പുഴയിൽ നിന്ന് വെള്ളം കയറിയുണ്ടാകുന്ന വെള്ളക്കെട്ട് ബുദ്ധിമുട്ടുണ്ടാക്കുമെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.
ബൈപാസിൽ പുഴക്ക് കുറുകെയുമുള്ള പാലങ്ങളിലേക്കും റെയിൽവേ മേൽപാലത്തിലേക്കും വാഹനങ്ങൾക്ക് കയറാനും ഇറങ്ങാനും സൗകര്യം ലഭിക്കും. മുഴപ്പിലങ്ങാട് നിന്ന് ബൈപാസ് റോഡിലേക്ക് കയറുന്ന വാഹനത്തിന് പാലയാട് പാലത്തിലൂടെ താഴെ ഇറങ്ങാം. തലശ്ശേരി ബാലത്തിൽ പാലം, എരഞ്ഞോളിപ്പാലം, പുതിയ മാഹിപ്പാലം എന്നിവടങ്ങളിലും കയറാനും ഇറങ്ങുവാനും സൗകര്യമുണ്ട്. ആറുവരിപാതയിൽ നടുഭാഗത്ത് മീഡിയനും നിർമിക്കുന്നുണ്ട്.
കണ്ണൂർ ജില്ലയിൽ മുഴപ്പിലങ്ങാട് ടോൾ ബൂത്ത് നിലനിന്ന സ്ഥലത്തുനിന്ന് തുടങ്ങി കോഴിക്കോട് ജില്ലയിലെ അഴിയൂർ ഗവ. എച്ച്.എസ്.എസ്.വരെ 18.6 കി.മി നീളത്തിലാണ് ബൈപാസ് നിർമിക്കുന്നത്. തലശ്ശേരി, മാഹി പട്ടണങ്ങളെ തൊടാതെ പോകുന്ന പാതയിലൂടെ 20 മിനിട്ട് കൊണ്ട് മുഴപ്പിലങ്ങാട് നിന്ന് അഴിയൂരും തിരിച്ചും യാത്ര ചെയ്യാൻ കഴിയും. ഗതാഗതക്കുരുക്കിൽ അമർന്ന് ഇപ്പോൾ എടുക്കുന്ന സമയം മുക്കാൽ മണിക്കൂറിന് മുകളിലാണ്. പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ 1,181 കോടിയാണ് മതിപ്പ് ചെലവ്.
ഒന്നാംഘട്ട പ്രവൃത്തി മുഴപ്പിലങ്ങാട് മുതൽ പള്ളൂർ പാറാൽ വരെ 2017 ഡിസംബർ നാലിനാണ് ആരംഭിച്ചത്. കേന്ദ്ര ഗതാഗത മന്ത്രി നിഥിൻ ഗഡ്ഗരിയാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 30 മാസം കൊണ്ട് ബൈപാസ് തുറന്നു കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ. കരാർ പ്രകാരം 2021 മേയ് മാസത്തിൽ സ്വപ്ന പദ്ധതി യാഥാർഥ്യമാകേണ്ടതാണെങ്കിലും 2018 ലും 2019 ലുമുണ്ടായ പ്രളയവും ആറു മാസത്തോളമുള്ള മഴയും കോവിഡും തുടർന്നുവന്ന ലോക് ഡൗണും ബൈപാസ് പ്രവൃത്തി വൈകിപ്പിച്ചു. 2020 മാർച്ചിൽ നിർത്തിവെച്ച നിർമാണ പ്രവൃത്തി മാസങ്ങൾക്ക് ശേഷമാണ് പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.