പെരിങ്ങാടിയിൽ ജില്ല പഞ്ചായത്ത് നിർമിച്ച കുട്ടികളുടെ ഉദ്യാനം

കാഴ്​ചയുടെ വിരുന്നൊരുക്കി കുട്ടികളുടെ ഉദ്യാനം

ന്യൂ മാഹി: മയ്യഴിപ്പുഴയുടെ തീരം നയന മനോഹര കാഴ്ചകളുമായി സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി. ജില്ല പഞ്ചായത്ത‌് ന്യൂമാഹിയിൽ നിർമിച്ച കുട്ടികളുടെയും വയോജനങ്ങളുടെയും ഉദ്യാനം ശനിയാഴ്​ച വൈകീട്ട‌് 4.30ന‌് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഉദ‌്ഘാടനം ചെയ്യും. എ.എൻ.ഷംസീർ എം.എൽ.എ അധ്യക്ഷത വഹിക്കും. പെരിങ്ങാടിയിൽ ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് ഓഫിസിനോട് ചേർന്ന് ഇരുവശത്തുമായി മാഹി പുഴയോരത്ത് രണ്ടേക്കർ സ്ഥലത്താണ് കുട്ടികളുടെ പാർക്ക് ഒരുക്കിയിട്ടുള്ളത്. രണ്ട‌് കോടിരൂപ ചെലവഴിച്ചാണ‌് അതിമനോഹരമായ പാർക്കി​െൻറ നിർമാണം.

കുട്ടികളുടെ പാർക്കിൽ ഓപൺ സ്​റ്റേജ്, കുട്ടികൾക്ക് കളിക്കാനുള്ള വിശാലമായ കളിസ്ഥലങ്ങൾ, കളിയുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, 25 ഓളം പേർക്കിരിക്കാവുന്ന മൂന്ന് പവലിയനുകൾ, പുന്തോട്ടം, നടപ്പാതകൾ, നീന്തൽ കുളം, പാർക്കിന് കുറകെയുള്ള തോടിന് മുകളിൽ മൂന്നിടത്ത് മേൽപാലങ്ങൾ, മരച്ചോട്ടിൽ ഒരുക്കിയ ഇരിപ്പിടങ്ങൾ, വിശ്രമിക്കാനുള്ള മൂന്ന് കുടിലുകൾ, കാൻറീൻ സൗകര്യം, കുടിവെള്ളം, വൈദ്യുതി വിളക്കുകൾ, ശൗചാലയങ്ങൾ എന്നിവയാണുണ്ടാവുക.

തടാക സമാനമായ വിശാലമായ കുളവും നടപ്പാതയും ഇരിപ്പിടങ്ങളും ഇവിടത്തെ ഹൃദ്യമായ കാഴ്ചയാണ്. 2008ൽ ജില്ല പഞ്ചായത്ത് പാർക്കിന് വേണ്ടി സ്ഥലമേറ്റെടുക്കുകയും 2010ൽ ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുകയും ചെയ്തു. 2018-19 ലാണ് പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളുടെയും വയോജനങ്ങളുടെയും പാർക്കി​െൻറ പ്രവൃത്തി തുടങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.