കണ്ണൂർ: കോവിഡ് കാലത്ത് സി.എഫ്.എൽ.ടി.സികളിൽ ഉണ്ടായിരുന്ന സാമഗ്രികൾ തദ്ദേശ സ്ഥാപനങ്ങൾ വഴി ആവശ്യമുള്ള സർക്കാർ ആശുപത്രികൾക്ക് കൈമാറാൻ ജില്ല വികസന സമിതി യോഗത്തിൽ തീരുമാനം. കിടക്കകൾ, ഫർണിച്ചർ, ഫ്രിഡ്ജുകൾ തുടങ്ങിയവയുടെ പട്ടിക തയാറാക്കി തദ്ദേശ സ്ഥാപനങ്ങൾ മുഖേന പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾക്കോ താലൂക്ക് ആശുപത്രികൾക്കോ കൈമാറണമെന്ന് ജില്ല കലക്ടർ നിർദേശിച്ചു.
കെ.പി. മോഹനൻ എം.എൽ.എയാണ് നിർദേശം ജില്ല വികസന സമിതി യോഗത്തിൽ മുന്നോട്ടുവെച്ചത്. റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനും തോട് നികത്തൽ, കൈയേറ്റം എന്നിവ ഒഴിപ്പിക്കാനും കലക്ടർ നിർദേശം നൽകി.
മഴക്കാലപൂർവ റോഡ് പ്രവൃത്തികൾ വരുന്നയാഴ്ച നടത്തുമെന്ന് പൊതുമരാമത്ത് (റോഡുകൾ) വിഭാഗം അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനീയറിങ് വിഭാഗത്തിലെ ഒഴിവുകൾ നികത്താൻ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ആരംഭിക്കാൻ റെയിൽവേ അനുമതി ലഭിച്ചു.
ധാരണാപത്രം റെയിൽവേ അംഗീകരിക്കുന്ന മുറക്ക് തുറന്നുപ്രവർത്തിക്കും. എടക്കാട് പി.എച്ച്.സി ഡയാലിസിസ് യൂനിറ്റിലേക്ക് ഡയാലിസിസ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ് എന്നിവരുടെ നിയമന ഉത്തരവ് നൽകി. മരുന്നും മറ്റും വാങ്ങാൻ നടപടി സ്വീകരിക്കും. കെട്ടിടത്തിലെ അറ്റകുറ്റ പ്രവൃത്തി പൂർത്തിയാക്കി രണ്ടാഴ്ചക്കുള്ളിൽ യൂനിറ്റ് തുറക്കും.
നബാർഡ് സ്കീമിൽ നടപ്പാക്കുന്ന വളയഞ്ചാൽ പാലം, ആറളം ഫാം പാലം, ഓടന്തോട് പാലം എന്നിവ ഒരാഴ്ചക്കകം പൂർത്തീകരിക്കും. ചപ്പാരപ്പടവ് കൂവേരി വില്ലേജ് ഓഫിസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് തടസ്സമായി നിൽക്കുന്ന വൈദ്യുതി ലൈൻ മാറ്റാനാവശ്യമായ ഫണ്ട് ജില്ല കലക്ടർ മുഖേന അനുവദിച്ചു. ജില്ലയിൽ ഐ.ടി.ഡി.പി മുഖേന പട്ടികവർഗ മേഖലയിലെ പ്രവൃത്തികൾ ബ്ലോക്ക് തലത്തിൽ ജില്ല കലക്ടർ വിലയിരുത്തും.
മാഹി പാലം അറ്റകുറ്റപ്പണിക്ക് അടിഭാഗം കൂടി പൊതുമരാമത്ത് ദേശീയപാത വിഭാഗം പരിശോധിച്ച് എസ്റ്റിമേറ്റ് സമർപ്പിക്കും. കി.മീ 170/600 മുതൽ 184/600 വരെയുള്ള തലശ്ശേരി-മാഹി ദേശീയപാത 66ന്റെ അറ്റകുറ്റപണിക്കായി 14.26 കോടിയുടെ എസ്റ്റിമേറ്റ് ഈ വർഷം ജനുവരിയിൽ സമർപ്പിച്ചിട്ടുണ്ട്.
യോഗത്തിൽ കലക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.പി. മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സബ് കലക്ടർ സന്ദീപ് കുമാർ, അസി. കലക്ടർ മിസാൽ സാഗർ ഭരത്, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ ടി. രാജേഷ്, എം.വി. ഗോവിന്ദൻ എം.എൽ.എയുടെ പ്രതിനിധി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.