മട്ടന്നൂര്‍: മട്ടന്നൂരില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ പ്രതി പിടിയില്‍. വയനാട് സ്വദേശിയും കോഴിക്കോട് താമസക്കാരനുമായ വിജയനെന്ന കുട്ടി വിജയനെയാണ് മട്ടന്നൂര്‍ സി.ഐ കെ.വി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പാലക്കാട് മറ്റൊരു കേസില്‍ പിടിയിലായ വിജയനെ മട്ടന്നൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സി.സി.ടി.വി ദൃശ്യത്തിന്റെയും ശാസ്ത്രീയമായ പരിശോധനയിലുമാണ് പ്രതിയെ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടയാണ് പാലക്കാട് പിടിയിലായ പ്രതി തന്നെയാണ് മട്ടന്നൂരിലും മോഷണശ്രമം നടത്തിയതെന്ന് തെളിഞ്ഞത്. ഇതേത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് മട്ടന്നൂര്‍ കോടതിയില്‍ അപേക്ഷ നല്കി.
കഴിഞ്ഞ ഒക്ടോബര്‍ 11ന് പുലർച്ചയാണ് കണ്ണൂര്‍ റോഡില്‍ എല്‍.ഐ.സി ഓഫിസിനു സമീപത്തെ അബ്ദുൽ ഖാദര്‍ ഹാജിയുടെ വീട്ടില്‍ മോഷണശ്രമം നടന്നത്. വീട് പൂട്ടി സമീപത്തെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു അബ്ദുൽ ഖാദര്‍ ഹാജിയും കുടുംബവും. രാവിലെ തിരികെ എത്തിയപ്പോളാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നനിലയില്‍ കണ്ടത്.
തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്കി. വാതില്‍ കുത്തിത്തുറന്ന മോഷ്ടാവ് മുറിയിലെ അലമാരയിലും മറ്റും സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും മറ്റും വലിച്ചുവാരിയിട്ട നിലയിലായിരുന്നു. മാസ്ക് ധരിച്ചും തലയില്‍ തുണികെട്ടിയുമാണ് മോഷണം നടത്താന്‍ എത്തിയത്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരെ മോഷണത്തിന് കേസുള്ളതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.