മട്ടന്നൂര്‍: മലബാറിന്റെ ആകാശസ്വപ്നം പൂര്‍ത്തിയായിട്ട് നാലുവര്‍ഷം പൂര്‍ത്തിയായെങ്കിലും വിദേശ വിമാന സര്‍വിസുകള്‍ ആരംഭിക്കാത്തത് വിമാനത്താവളത്തിന്റെ വളര്‍ച്ചക്ക് തടസ്സമാകുന്നു. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം നാലാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ഇതുവരെ വിമാനത്താവളം വഴി യാത്ര ചെയ്തത് 37.65 ലക്ഷം പേര്.
2018 ഡിസംബര്‍ ഒമ്പതിനാണ് കണ്ണൂരില്‍നിന്ന് ആദ്യ വിമാനം പറന്നത്. ഉദ്ഘാടനം ചെയ്ത് 10 മാസം കൊണ്ട് 10 ലക്ഷം യാത്രക്കാര്‍ കണ്ണൂര്‍ വിമാനത്താവളം വഴി യാത്രചെയ്ത് ചരിത്രം കുറിച്ചിരുന്നു. ഇപ്പോള്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ഗോ ഫസ്റ്റ് വിമാനക്കമ്പനികള്‍ എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്കും 11 ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വിസ് നടത്തുന്നു. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ കൂടുതല്‍ സര്‍വിസ് നടത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ആഭ്യന്തര സര്‍വിസിലൂടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും രാജ്യാന്തര സര്‍വിസിലൂടെ ദുബൈ, അബൂദബി, കുവൈത്ത്, മസ്കത്ത്, ദമ്മാം, ദോഹ, ഷാര്‍ജ, റിയാദ്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കുമാണ് നിലവില്‍ വിമാന സർവിസുള്ളത്.
സ്പൈസ് ജെറ്റ്, വിസ്താര എയര്‍ ലൈനുകള്‍ കണ്ണൂരില്‍ എത്തിക്കാനാണ് വിമാനത്താവള കമ്പനിയായ കിയാലിന്റെ ശ്രമം. വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ച് ഒമ്പതുമാസം കൊണ്ടുതന്നെ പ്രതിദിനം 50 വീതം സര്‍വിസ് എന്ന നിലയില്‍ എത്തിയിരുന്നു. ഒരുവര്‍ഷം പിന്നിടുന്നതിനുമുമ്പ് ആഴ്ചയില്‍ 65 രാജ്യാന്തര സര്‍വിസ് എന്ന നേട്ടവും കൈവരിച്ചു. വിമാനത്താവളത്തിന്റെ വളര്‍ച്ചയെ കോവിഡ് കാര്യമായി ബാധിച്ചു.
കോവിഡിനുശേഷം വിമാന സര്‍വിസുകള്‍ ആരംഭിച്ചെങ്കിലും യാത്രികരെ വിമാനത്താവളത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. സര്‍വിസ് കുറഞ്ഞതും യാത്രാനിരക്ക് കൂടിയതുമാണ് യാത്രക്കാരെ പിന്നോട്ടടിപ്പിക്കുന്നത്. നാലുവര്‍ഷം പൂര്‍ത്തിയായിട്ടും വിദേശ വിമാന സര്‍വിസുകള്‍ ആരംഭിക്കാത്തത് വിമാനത്താവള വളര്‍ച്ചയെ സാരമായി ബാധിച്ചു.
കോവിഡ് സമയത്ത് കുവൈത്ത് എയര്‍വേസ്, സൗദി എയര്‍, എയര്‍ അറേബ്യ എന്നിവയുടെ വൈഡ് ബോഡി വിമാനങ്ങളും ഇത്തിഹാദ്, ഫ്ലൈ ദുബൈ, സലാം എയര്‍, ജസീറ എയര്‍വേസ്, സൗദി എയര്‍വേസ് തുടങ്ങിയ വിദേശ കമ്പനി വിമാനങ്ങളും യാത്രക്കാരുമായി കണ്ണൂരിലെത്തിയിരുന്നു.
വൈഡ് ബോഡി വിമാനത്തെ ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങള്‍ കണ്ണൂരിലുണ്ട്. വിമാനത്താവളം സ്ഥിതിചെയ്യുന്നത് ഗ്രാമപ്രദേശത്താണെന്നു ചൂണ്ടിക്കാട്ടി വിദേശ കമ്പനികളുടെ സര്‍വിസ് ആരംഭിക്കാന്‍ കേന്ദ്രം പച്ചക്കൊടി കാട്ടിയില്ല.
വിമാനത്താവളത്തിന്റെ തുടക്കം മുതല്‍ എമിറേറ്റ്സ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, മലിന് ഡോ എയര്‍, സില്‍ക്ക് എയര്‍ തുടങ്ങി ഒട്ടേറെ വിദേശ വിമാനക്കമ്പനികള്‍ കണ്ണൂരില്‍നിന്ന് സര്‍വിസ് നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.