മട്ടന്നൂര്‍: ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ കണ്ണൂര്‍ വിമാനത്താവളവും ഇടംപിടിച്ചതോടെ മലബാറിന്റെ വികസന പ്രതീക്ഷകൾ വാനോളം. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളുടെ കൂടെയാണ് കണ്ണൂരിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കണ്ണൂരിന് പുറമേ കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിൽനിന്നും കുടക് ജില്ലയിൽനിന്നും ഹജ്ജിന് പോകുന്ന തീർഥാടകർക്ക് യാത്ര എളുപ്പമാവും.
കൂടാതെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിൽ പ്രധാന ചുവടുവെപ്പുമാകും. രണ്ടു മാസം മുമ്പ് കണ്ണൂരില്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം പരിശോധന നടത്തിയിരുന്നു. തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കാൻ കണ്ണൂർ വിമാനത്താവളം സജ്ജമാണെന്നു കിയാൽ അധികൃതർ അറിയിച്ചു.
തീര്‍ഥാടകര്‍ക്കുള്ള പ്രാര്‍ഥനാമുറി, പ്രത്യേക ചെക്ക് ഇന്‍ കൗണ്ടറുകള്‍, വിശ്രമ മുറി എന്നിവ സജ്ജീകരിക്കാന്‍ ടെര്‍മിനല്‍ കെട്ടിടത്തില്‍ സൗകര്യമുണ്ട്. കൂടാതെ തീർഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിശാലമായ സൗകര്യവും കണ്ണൂർ വിമാനത്താവളത്തിൽ ലഭ്യമാണ്. ഡേ ഹോട്ടൽ, ലോഞ്ച് സൗകര്യങ്ങളും തീർഥാടകർക്ക് പ്രയോജനപ്പെടുത്താം. വലിയ വിമാനങ്ങൾക്ക് പറന്നിറങ്ങാൻ കഴിയുന്ന വിധത്തിൽ 3050 മീറ്റർ നീളമുള്ള റൺവേയാണ് കണ്ണൂർ വിമാനത്താവളത്തിന്റെ പ്രത്യേകത.
കഴിഞ്ഞ നവംബറില്‍ തുടങ്ങിയ ജിദ്ദ സര്‍വിസിന് മികച്ച പ്രതികരണമാണ് യാത്രക്കാറില്നിന്നുണ്ടായത്. തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വിസ് ആഴ്ചയില്‍ രണ്ടു ദിവസമാക്കിയിട്ടുണ്ട്. ജിദ്ദയിലേക്കുള്ള ആദ്യ വിമാനത്തില്‍ ഭൂരിഭാഗവും ഉംറ തീര്‍ഥാടകരായിരുന്നു.
കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കുവൈത്ത് എയര്‍വേസ് അടക്കമുള്ള കമ്പനികളുടെ വൈഡ്ബോഡി വിമാനങ്ങള്‍ കണ്ണൂരില്‍ ഇറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.