മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ ലേബര്‍ ക്യാമ്പില്‍ നിന്ന് കക്കൂസ് മാലിന്യം തോട്ടിലേക്ക്. പ്രതിഷേധവുമായി നാട്ടുകാര്‍. വിമാനത്താവളത്തിലെ ലേബര്‍ ക്യാമ്പില്‍ നിന്നാണ് വ്യാഴാഴ്ച രാവിലെ കക്കൂസ് മലിനജലം കാര -പേരാവൂര്‍ തോട്ടിലേക്ക് ഒഴുക്കിവിട്ടത്. കാര, കാര- പേരാവൂര്‍ മേഖലയിലെ നിരവധി വീടുകളുടെ സമീപത്തുകൂടി ഒഴുകുന്ന തോട്ടില്‍ മലിനജലം ഒഴുകിയെത്തിയതോടെ കിണറും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയായി. നാട്ടുകാര്‍ നഗരസഭയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈസ് ചെയര്മാന് പി. പുരുഷോത്തമനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
വിമാനത്താവള നിർമാണപ്രവൃത്തി ഏറ്റെടുത്ത എല്‍ ആന്‍ഡ് ടി അവരുടെ ജോലിക്കാര്‍ക്ക് നിർമിച്ച മാലിന്യ സംസ്കരണ പ്ലാൻറില്‍ നിന്നാണ് മാലിന്യം ഒഴുകിയത്. രണ്ട് വര്‍ഷമായിട്ടും നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ഇവ നീക്കം ചെയ്യാന്‍ 'കിയാല്‍' നിര്‍ദേശിച്ചിരുന്നു. എന്നാല്‍, എല്‍ ആന്‍ഡ് ടി പ്രവൃത്തികള്‍ മറ്റൊരു കമ്പനിക്ക് കരാർ കൊടുക്കുകയായിരുന്നു. അവര്‍ ഇത് നീക്കം ചെയ്യുന്നതിനിടെയാണ് സംഭവം.
എന്നാല്‍, മാലിന്യം സംസ്കരിക്കാതെ ടാങ്ക് പൊളിച്ചുനീക്കാന്‍ ശ്രമിച്ചതാണ് പ്രശ്നത്തിന് ഇടയാക്കിയതെന്നാണ് പ്രദേശവാസികളുടെ പരാതി. വിമാനത്താവളത്തിനുള്ളിലെ വെള്ളം ഒഴുകിപ്പോകുന്ന മൂന്നാം നമ്പര്‍ തോടിലൂടെയാണ് മാലിന്യം പ്രദേശത്തേക്ക് ഒഴുകിയത്. ടാങ്ക് പൊട്ടിയതാണെന്നും തുറന്നുവിട്ടതല്ലെന്നുമാണ് കരാറുകാരുടെ പക്ഷം. പ്രദേശത്തെ മുഴുവന്‍ വീടുകളിലെയും കിണർ ശുദ്ധീകരിക്കാനും വെള്ളം പരിശോധനക്കയക്കാനും നഗരസഭ നിർദേശിച്ചതായി പി. പുരുഷോത്തമന് അറിയിച്ചു.
വിമാനത്താവള നിര്‍മാണ ഘട്ടത്തില്‍ ഇത്തരത്തില്‍ മലിനജലവും മലവെള്ളവും ഒഴുകിയെത്തിയത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോള്‍ വിമാനത്താവളം യാഥാർഥ്യമായിട്ടും ജനവാസ മേഖലയില്‍ ഇത്തരത്തില്‍ മലിനജലം ഒഴുക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.