മട്ടന്നൂർ: വിദേശ വിമാന കമ്പനികൾക്ക് സര്‍വിസ് നടത്താന്‍ അനുമതിയില്ലാത്ത കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കോവിഡ് കാലത്ത് ഏഴ് പ്രമുഖ വിദേശ വിമാനങ്ങള്‍ എത്തിയ സാഹചര്യത്തില്‍ കണ്ണൂരിന് ഉടന്‍ സമ്പൂര്‍ണ അനുമതി ലഭിച്ചേക്കും. ബുധനാഴ്ച വിദേശ കമ്പനികളുടേത് ഉള്‍പ്പെടെ 16 ചാര്‍ട്ടേഡ് വിമാനങ്ങളും വ്യാഴാഴ്ച എട്ട് ചാര്‍ട്ടേഡ് വിമാനങ്ങളുമാണ് എത്തിയത്. സൗദി എയര്‍ലൈന്‍സിെൻറ വൈഡ് ബോഡി വിമാനവും ആദ്യമായി കണ്ണൂരില്‍ പറന്നിറങ്ങി.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വിസ് നടത്തുന്നതിനുള്ള പോയൻറ് ഓഫ് കോള്‍ അനുമതി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിരുന്നില്ല.
പലതവണ സര്‍ക്കാറും കിയാലും ജനപ്രതിനിധികളും കേന്ദ്ര സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പുതിയ വിമാനത്താവളം എന്ന പേരില്‍ അനുമതി നിഷേധിക്കുകയായിരുന്നു. ലോക്ഡൗണിെൻറ ആദ്യഘട്ടത്തില്‍ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി അടച്ച് വിമാന സര്‍വിസുകള്‍ നിര്‍ത്തിയത് കണ്ണൂരിനെ ഏറെ നിരാശയിലാക്കിയിരുന്നു. എന്നാല്‍, വ്യോമാതിര്‍ത്തികള്‍ തുറന്ന് പ്രവാസികളെ കൊണ്ടുവരാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ കമ്പനികളുടെ വൈഡ് ബോഡി വിമാനങ്ങള്‍ ഉള്‍പ്പെടെ എത്തിയത്.
ആദ്യമായാണ് തുടര്‍ച്ചയായി 16 രാജ്യാന്തര വിമാനങ്ങള്‍ കണ്ണൂരില്‍ ഇറങ്ങുന്നത്. മേയ് 12 മുതല്‍ ഇന്നലെ വരെ വന്ദേഭാരത് മിഷന് എയര്‍ ഇന്ത്യയുടെ സര്‍വിസുകള്‍ ഉള്‍പ്പെടെ കണ്ണൂരിലെത്തിയ വിമാനങ്ങളുടെ എണ്ണം നൂറിലേറെയായി. സൗദി എയര്‍ലൈന്‍സിെൻറ ജിദ്ദയില്‍ നിന്നുള്ള വൈഡ് ബോഡി വിമാനവും സലാല, മസ്കത്ത് എന്നിവിടങ്ങളില്‍ നിന്നായി സ്പൈസ് ജെറ്റ് വിമാനങ്ങളും ആദ്യമായി കണ്ണൂരിലെത്തി. ദുബൈയില്‍ നിന്ന് മൂന്ന് ഫ്ലൈ ദുബൈ, മസ്കത്തില് നിന്ന് സലാല എയര്‍, കുവൈത്തില്‍ നിന്ന് ജസീറ എയർവേസ്, ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനങ്ങളും ഒറ്റദിവസം കണ്ണൂരിലേക്ക് സര്‍വിസ് നടത്തി. കണ്ണൂരില്‍ ഇറങ്ങുന്ന ആറാമത്തെ വിദേശ വിമാന കമ്പനിയാണ് സൗദി എയര്‍ലൈന്‍സ്.
കോവിഡ് പശ്ചാത്തലത്തില്‍ ഇതുവരെ 18,220 യാത്രക്കാരാണ് കണ്ണൂര്‍ വഴി നാട്ടിലെത്തിയത്. വിദേശ കമ്പനികളുടെ വിമാനങ്ങള്‍ കണ്ണൂരില്‍ എത്തിയതോടെ വീണ്ടും പോയൻറ് ഓഫ് കോള്‍ അനുമതി എന്ന ആവശ്യം ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.