മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനായി സ്ഥലമേറ്റെടുക്കാനുള്ള നടപടി വൈകുന്നത് സ്ഥലം വിട്ടുനല്‍കാന്‍ സമ്മതപത്രം നല്കി കാത്തിരിക്കുന്ന ഭൂവുടമകളെ കണ്ണീരിലാഴ്ത്തുന്നു. കടബാധ്യതയേറിയിട്ടും സ്വന്തം സ്ഥലമുപയോഗിച്ച് വായ്പയെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍.
കീഴല്ലൂര്‍ പഞ്ചായത്തിലെ കൊതേരി, എളമ്പാറ മേഖലകളിലായി 50 ഏക്കറോളം സ്ഥലമാണ് മൂന്നാം ഘട്ടത്തില്‍ ഏറ്റെടുക്കാനുള്ളത്. ഇവരാണെങ്കില് വര്‍ഷങ്ങള്‍ക്കുമുമ്പേ സ്ഥലവുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഹാജരാക്കി. സ്ഥലം ഏറ്റെടുക്കുമെന്ന ഉറപ്പിൽ രേഖകള്‍ കൈമാറിയ ഇവര്‍ക്കിപ്പോള്‍ സ്വന്തം സ്ഥലത്ത് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.
സ്ഥലത്തിനും വസ്തുക്കള്‍ക്കും ഒരു മാറ്റവും വരുത്തില്ലെന്നാണ് ഉടമ്പടി. വര്‍ഷങ്ങളായി സ്വന്തം ഭൂമിയില്‍ കൃഷിയോ നിര്‍മാണ പ്രവര്‍ത്തനങ്ങളോ നടത്താന്‍ കഴിയുന്നില്ല. തകര്‍ന്നുവീഴാറായ വീട്ടില്‍ നിര്‍ഭാഗ്യത്തെ പഴിചാരി കഴിയുന്നവരുമുണ്ട്. മറ്റുള്ളവര്‍ വന്ന് ഭൂമി വാങ്ങാന്‍ തയാറാണെങ്കിലും ഉടമ്പടി നിലനില്‍ക്കുന്നതിനാല്‍ കൈമാറ്റവും സാധ്യമല്ല.
ലോക്ഡൗണ്‍ കാലത്ത് വരുമാനമില്ലാതായതോടെ വിവിധ ആവശ്യങ്ങള്‍ക്കായെടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ സാധിക്കാത്തതിനാല്‍ ജപ്തി നടപടി നേരിടുന്നവരുമുണ്ട്. സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമകള്‍ മുഖ്യമന്ത്രിക്കും മട്ടന്നൂര്‍ എം.എല്‍.എയും വ്യവസായ മന്ത്രിയുമായ ഇ.പി. ജയരാജനും നിവേദനം നല്കി. ഡിസംബറില്‍ വിജ്ഞാപന കാലാവധി കഴിയുന്നതിനുമുമ്പ് സ്ഥലം ഏറ്റെടുത്തില്ലെങ്കില്‍ വീണ്ടും നീണ്ടുപോകുമെന്ന ആശങ്കയിലാണ് ഭൂവുടമകള്‍.
നിരവധി തവണ കലക്ടറേറ്റിലും ബന്ധപ്പെട്ട ഓഫിസുകളിലും കയറിയിറങ്ങുന്നുണ്ടെങ്കിലും അനുകൂല തീരുമാനം ലഭിക്കുന്നില്ലെന്നാണ് ഉടമകള്‍ പറയുന്നത്. ഒരുവര്‍ഷം മുമ്പ് സി കാറ്റഗറിയില്‍ 2.40 ലക്ഷവും ബി കാറ്റഗറിയില്‍ 3.20 ലക്ഷവുമാണ് സെൻറിന് വില ഈടാക്കിയത്. എന്നാല്‍, ഇപ്പോള്‍ ഭൂമിക്ക് ഈ വിലപോരെന്നും നിലവിലെ മാര്‍ക്കറ്റ് വില നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.