കിൻഫ്ര വ്യവസായ പാർക്കിനായി സ്ഥലമേറ്റെടുപ്പ്: രണ്ടാംഘട്ട സർവേ തുടങ്ങി

മട്ടന്നൂർ: കിൻഫ്ര വ്യവസായ പാർക്കിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള രണ്ടാംഘട്ട സർവേ തുടങ്ങി. പാർക്കിനായി അഞ്ചരക്കണ്ടി, കീഴല്ലൂർ, പടുവിലായി വില്ലേജുകളിൽ സർക്കാർ ഏറ്റെടുക്കുന്ന 201.4 ഹെക്ടർ ഭൂമിയുടെ സർവേയാണ് തുടങ്ങിയത്.

ആദ്യഘട്ടമായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിരുകൾ അടയാളപ്പെടുത്തി കുറ്റിയടിച്ചിരുന്നു. കിൻഫ്ര അഡ്വൈസർ വി.എൻ. സജീവന്റെയും ചാലോട് സ്പെഷൽ തഹസിൽദാർ (എൽ.എ) ഓഫിസ് അധികൃതരുടെയും നേതൃത്വത്തിലാണ് സർവേ നടത്തുന്നത്.

പനയത്താംപറമ്പിലാണ് സർവേ. കിൻഫ്ര ഇതിനകം സ്ഥാപിച്ച അതിർത്തി കാണിക്കുന്ന കുറ്റികളിൽ സർവേക്കല്ലുകൾ സ്ഥാപിക്കുകയും വ്യക്തികളുടെ കൈവശമുള്ള ഭൂമി അവരുടെ രേഖകളുടെ അടിസ്ഥാനത്തിൽ അളന്നുതിട്ടപ്പെടുത്തുകയും ചെയ്യും.

ഭൂവുടമകൾ അവരുടെ ഭൂമിയിലുള്ള കാടുകൾ വെട്ടിത്തെളിച്ച് ഭൂമി അളക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ധർമടം, മട്ടന്നൂർ നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന വ്യവസായ പാർക്കിന്റെ നിർമാണത്തിന് നടപടികൾ വേഗത്തിലാക്കാനുള്ള സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ട സർവേ തുടങ്ങിയത്.

ഏറ്റെടുക്കുന്ന ഭൂമിയിൽ കിൻഫ്ര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയശേഷം വ്യവസായികൾക്ക് ഭൂമി പാട്ടത്തിന് നൽകും. കണ്ണൂർ വിമാനത്താവളത്തോടനുബന്ധിച്ച് വ്യവസായ വികസനത്തിനായി 5000 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ പദ്ധതിയുണ്ട്. വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതോടെ നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാംപറമ്പ് കിൻഫ്ര പാർക്കിൽ ഐ.ടി പാർക്ക്, ഭക്ഷ്യസംസ്കരണ യൂനിറ്റ് തുടങ്ങിയവ സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.