കോളയാട്: രണ്ട് പൊലീസ് സ്റ്റേഷനും രണ്ട് ജില്ല പൊലീസ് മേധാവികൾക്കും കീഴിൽ വരുന്ന ഒരു ഗ്രാമപഞ്ചായത്തേ കണ്ണൂർ ജില്ലയിലുള്ളൂ-കോളയാട്. പൊലീസ് സംവിധാനം ഭരണപരമായ സൗകര്യത്തിന് രണ്ട് പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിൽ വന്നതോടെയാണ് കോളയാട് ഗ്രാമപഞ്ചായത്ത് രണ്ട് സൂപ്രണ്ടുമാരുടെയും രണ്ട് പൊലീസ് സ്റ്റേഷനുകളുടെയും പരിധിയിലായത്. മറ്റ് ഗ്രാമപഞ്ചായത്തുകളെല്ലാം ഒരു പൊലീസ് സ്റ്റേഷെൻറ മാത്രം പരിധിയിൽ വരുേമ്പാഴാണ് കോളയാട് ഗ്രാമപഞ്ചായത്തിന് ഇൗ പ്രത്യേകത.
കോളയാട് പഞ്ചായത്ത് വേക്കളം, കോളയാട് എന്നീ റവന്യൂ വില്ലേജുകൾ ചേർന്നതാണ്. ഇതിൽ വേക്കളം റവന്യൂ വില്ലേജ് പൂർണമായും പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. എന്നാൽ, കോളയാട് വില്ലേജിലെ പുത്തലം, പെരുവ, കൊമ്മേരി റവന്യൂ പ്രദേശങ്ങൾ പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും ആലച്ചേരി, എടയാർ, കോളയാട് പ്രദേശങ്ങൾ കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലുമാണ്.
ആദിവാസി ജനവിഭാഗം തിങ്ങിപ്പാർക്കുന്ന കണ്ണവം റിസർവ് വനത്തിനകത്താണ് പെരുവ ദേശം. ഇൗ പ്രദേശം കണ്ണവം പൊലീസ് സ്റ്റേഷെൻറ ഏറ്റവും അടുത്ത സ്ഥലമാണ്. എന്നിട്ടും 20ഒാളം കിലോമീറ്റർ അകലെയുള്ള പേരാവൂർ പൊലീസ് സ്റ്റേഷെൻറ പരിധിയിലാണ് പെരുവ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ കണ്ണവം പൊലീസ് സ്റ്റേഷൻ കൂത്തുപറമ്പ് പൊലീസ് സബ്ഡിവിഷെൻറ കീഴിലും പേരാവൂർ പൊലീസ് സ്റ്റേഷൻ ഇരിട്ടി സബ് ഡിവിഷെൻറ കീഴിലുമാണ്. ഇരിട്ടി സബ്ഡിവിഷൻ കണ്ണൂർ റൂറൽ പൊലീസ് മേധാവിയുടെ കീഴിലും കൂത്തുപറമ്പ് സബ് ഡിവിഷൻ കണ്ണൂർ സിറ്റി പൊലീസ് മേധാവിയുടെ അധീനതയിലുമാണ്.
കോളയാട് ഗ്രാമപഞ്ചായത്തിലെ മേനച്ചോടി വാർഡ്, കക്കംതോട് വാർഡ്, കൊമ്മേരി വാർഡ് എന്നിവയിൽപെട്ട പ്രദേശങ്ങൾ കണ്ണവം, പേരാവൂർ പൊലീസ് സ്റ്റേഷനുകളുടെ പരിധികളിലാണ്. ഇത്തരം വിഭജനം ഔദ്യോഗിക തലത്തിൽ പല ആശയക്കുഴപ്പത്തിനും ഇടയാക്കുന്നുണ്ട്. കൂടാതെ പൊതുജനങ്ങളിൽ ഒാരോ ആവശ്യത്തിനും എവിടെ, ആരെ സമീപിക്കണമെന്ന സംശയവും സൃഷ്ടിക്കുന്നുണ്ട്.
പഞ്ചായത്തിൽ ഒരുപൊതുപരിപാടി നടക്കുമ്പോൾ ഗ്രാമപഞ്ചായത്തിെൻറ എല്ലാ ഭാഗങ്ങളിലും മൈക്ക് പ്രചാരണം നടത്താൻ രണ്ട് പൊലീസ് മേധാവിമാരുടെയും അനുമതി ആവശ്യമാണ്. ഏതെങ്കിലും ജില്ല പൊലീസ് മേധാവിയുടെ അധികാര പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടാൽ പഞ്ചായത്തിനകത്ത് മുഴുവനും ബാധകമാകുമോ എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ട്. അതുപോലെ രണ്ട് മേധാവിമാർ വിളിച്ചുകൂട്ടുന്ന യോഗങ്ങളിലും പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും പങ്കെടുക്കേണ്ട സാഹചര്യവുമാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.