മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കെ.എസ്.ആർ.ടി.സി എ.സി ലോഫ്ലോര്‍ ബസ് സര്‍വിസ് ആരംഭിച്ചു. സര്‍വിസ് ഉദ്ഘാടനം ഓണ്‍ലൈനായി മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിച്ചു. വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ.പി. ജയരാജന് അധ്യക്ഷതവഹിച്ചു.
ഉത്തര മലബാറിെൻറ വികസനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബസ് സര്‍വിസ് ആരംഭിച്ചതെന്നും ചുരുങ്ങിയ ചെലവില്‍ റെയില്‍വേ സ്റ്റേഷനുകളിലേക്കും തിരിച്ചും എത്തിച്ചേരാന്‍ ഈ സേവനം ഫലപ്രദമാണെന്നും മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അനിതാവേണു ഫ്ലാഗ് ഓഫ് ചെയ്തു.
കോഴിക്കോട് നോര്‍ത്ത് സോണ്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സി.വി. രാജേന്ദ്രന്, കെ.എസ്.ആര്.ടി.സി ചെയര്മാന് ആൻഡ് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, വിമാനത്താവള എം.ഡി വി. തുളസിദാസ്, കെ.എസ്.ആര്.ടി.സി ബോര്‍ഡ് അംഗങ്ങളായ ടി.കെ. രാജന്, സി.എം. ശിവരാമന്, ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ കെ. യൂസുഫ്, നഗരസഭ വൈസ് ചെയര്മാന് പി. പുരുഷോത്തമന് എന്നിവര്‍ സംബന്ധിച്ചു.
തലശ്ശേരി, കണ്ണൂര്‍ ഡിപ്പോകളില്‍നിന്ന് ഒരോ ബസ് വീതമാണ് കണ്ണൂര്‍, തലശ്ശേരി റെയില്‍വേ സ്റ്റേഷനുകളിലേക്ക് സര്‍വിസ് നടത്തുന്നത്. ദിനംപ്രതി നാല് ട്രിപ് നടത്തും. യാത്രികരുടെ എണ്ണത്തിനനുസരിച്ചും വിമാനസമയം അനുസരിച്ചും ട്രിപ്പുകളുടെ എണ്ണംവര്ധിപ്പിക്കും. 200 രൂപയാണ് നിരക്ക്. വിമാനത്താവളത്തില്‍നിന്ന് റെയില്‍വേ സ്റ്റേഷനുകളിലേക്ക് രാവിലെ ഏഴ്, ഉച്ചക്ക് 12, വൈകീട്ട് അഞ്ച്, രാത്രി 10 എന്നിങ്ങനെയും തലശ്ശേരി, കണ്ണൂര്‍ ഡിപ്പോകളില്‍നിന്ന് വിമാനത്താവളത്തിലേക്ക് പുലര്‍ച്ച അഞ്ച്, രാവിലെ 8.30, ഉച്ചക്ക് 2.30, വൈകീട്ട് 6.30 എന്നീ സമയങ്ങളിലും ബസ് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.