മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷന് കെട്ടിടം ശോച്യാവസ്ഥയില്‍. വിമാനത്താവളത്തിന്റെ നിര്‍മാണ സമയത്ത് മുഖ്യകരാറുകാരായ എല്‍.ആന്‍ഡ്.ടി കമ്പനി ഓഫിസായി ഉപയോഗിച്ചിരുന്ന താല്‍ക്കാലിക കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല.
വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ കെട്ടിടം മഴയില്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. താത്കാലികമായി നിര്‍മിച്ച കെട്ടിടത്തിന്റെ മേല്‍ക്കൂരയും മറ്റും പലയിടത്തും തകര്‍ന്നു തുടങ്ങി. ഇന്‍സ്പെക്ടറുടെ മുറിയില്‍ ഉൾപ്പെടെ ചോര്‍ച്ചയുണ്ട്.
32 പൊലീസുകാരാണ് ഏറെ അസൗകര്യങ്ങള്‍ക്കിടയില്‍ ഇവിടെ ജോലി ചെയ്യുന്നത്. ആറു പേര് വനിതകളാണ്. ചോര്‍ച്ചയും എലിയുടെ ശല്യവും മൂലം കോടതിയില്‍ നല്‍കേണ്ട സുപ്രധാന രേഖകള്‍ പോലും സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുകയാണ് പൊലീസുകാര്‍. ചോര്‍ച്ച മൂലം ഓഫിസിലെ വൈദ്യുതോപകരണങ്ങള്‍ പലതും കേടായി.
ഓഫിസിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ മേലുദ്യോഗസ്ഥരെയും കിയാല്‍ അധികൃതരെയും അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. മഴ പെയ്താല്‍ പൊലീസ് സ്റ്റേഷന് പരിസരത്ത് വന്‍തോതില്‍ വെള്ളക്കെട്ടും ഉണ്ടാകാറുണ്ട്. വേണ്ടത്ര ലൈറ്റുകളുടെ അഭാവം മൂലം രാത്രി വെളിച്ചക്കുറവും പ്രശ്നമാണ്.
പൊലീസ് സ്റ്റേഷന് കെട്ടിടത്തില്‍ സൗകര്യങ്ങളുടെ അപര്യാപ്തത കണക്കിലെടുത്ത് 2019ല്‍ പുതിയ കെട്ടിടം നിര്‍മിക്കാന്‍ കിയാല്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ആരും പങ്കെടുക്കാത്തതിനാല്‍ ടെന്‍ഡര്‍ മാറ്റിവെച്ചു. പിന്നീട് കോവിഡും സാമ്പത്തിക പ്രതിസന്ധിയും വന്നതോടെ പൊലീസ് സ്റ്റേഷന് കെട്ടിട നിര്‍മാണം മാറ്റിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.