മട്ടന്നൂര്‍: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവെടുത്തതോടെ കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങിയത് നൂറുകണക്കിന് യാത്രക്കാർ. കണ്ണൂര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ച പുലര്‍ച്ച 4.25ന് ഷാര്‍ജയിലേക്കു പുറപ്പെടേണ്ടിയിരുന്ന വിമാന യാത്രികര്‍ 2ഓടെ തന്നെ വിമാനത്താവളത്തിലെത്തിയിരുന്നു.
എന്നാല്‍ വിമാനത്താളത്തിലെത്തിയ യാത്രികര്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് അറിഞ്ഞതോടെ ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് യാത്രികരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. തുടര്‍ന്നുള്ള യാത്രികര്‍ക്ക് സന്ദേശങ്ങൾ പോയതിനാല്‍ പിന്നീട് കുറച്ച് പേര് മാത്രമാണ് വിമാനത്താവളത്തിലെത്തിയത്.
അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നവരും ലീവ് കഴിഞ്ഞ് തിരിച്ച് ജോലിയില്‍ പ്രവേശിക്കേണ്ടവരും ഉള്‍പ്പെടെ നിരവധി യാത്രികരാണ് ജീവനക്കാരുടെ സമരത്തില്‍ കുടുങ്ങിപ്പോയത്. 15,000 രൂപ മുതല്‍ 35,000 രൂപ വരെ നല്‍കിയാണ് പലരും ടിക്കറ്റെടുത്തത്.
എന്നാല്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം പ്രതീക്ഷിച്ചില്ലെന്നും നാലു മണിക്കൂര്‍ മുമ്പ് ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ടവര്‍ എത്താതിരുന്നപ്പോഴാണ് സമരമാണെന്ന് മനസ്സിലായത്. സാധരണ ജീവനക്കാര്‍ നോട്ടീസ് നല്‍കിയാണ് സമരത്തിലേക്ക് പോകാറെന്നും ഇത്തവണ ഇതുണ്ടായില്ലെന്നും അങ്ങനെ ചെയ്തിരുന്നെങ്കില്‍ യാത്രികര്‍ക്ക് മുൻകൂട്ടി അറിയിപ്പ് നല്കുമായിരുന്നെന്നും ഉദ്യോഗസ്ഥര്‍ യാത്രികരോട് പറഞ്ഞു.
മട്ടന്നൂര്‍: വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയവർ എയര്‍ ഇന്ത്യ എക്സ്പ്രസുമായി ബന്ധപ്പെടണമെന്ന് കിയാല്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ച മുതല്‍ സര്‍വിസ് നടത്തേണ്ടിയിരുന്ന ഷാര്‍ജ, മസ്ക്കത്ത്, അബുദബി വിമാനങ്ങള്‍ റദ്ദാക്കുകയും ആ സാഹചര്യം തുടരുകയും ചെയ്യുന്നതിനാല്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് ബന്ധപ്പെടേണ്ടത്.
ടോള്‍ഫ്രീ നമ്പറുകളായ 080 4666 2222, 080 6766 2222 എന്നിവയിലും കണ്ണൂര്‍ എയര്‍പോര്‍ട്ട് നമ്പറായ 04902 482600ലും ബന്ധപ്പെടാം. വിമാനത്താവളത്തില്വന്ന് തിരിച്ചു പോകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വിമാന സർവിസ് സുഗമമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം വരുന്നതായിരിക്കും ഉചിതമെന്നും കിയാല്‍ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.