മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ മികച്ച സൗകര്യങ്ങളാണ് യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് സിവില്‍ ഏവിയേഷനുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി ചെയര്മാന് വി. വിജയസായ് റെഡ്ഡി പറഞ്ഞു. വിമാനത്താവളത്തില്‍ സമിതിയുടെ സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിന്റെ ഗതാഗതം-ടൂറിസം സ്ഥിരംസമിതിയാണ് വിമാനത്താവളത്തിലെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30 ഓടെ തിരുവനന്തപുരത്തു നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സമിതി അംഗങ്ങള്‍ കണ്ണൂരില്‍ എത്തിയത്. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയ സമിതി, കിയാല്‍ അധികൃതരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഉച്ചക്ക് 3.30ഓടെ അംഗങ്ങള്‍ ടൂറിസവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കുന്നതിന് ബേക്കലിലേക്ക് തിരിച്ചു.
പോയന്റ് ഓഫ് കോള്‍ ഉൾപ്പെടെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വിവിധ ആവശ്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. ഉചിതമായ നിര്‍ദേശങ്ങള്‍ പാര്‍ലമെന്റില്‍ നല്‍കും. പോയിന്റ് ഓഫ് കോള്‍ പദവിയില്ലാതെ തന്നെ ഗോവയിലെ വിമാനത്താവളത്തിന് വിദേശ കമ്പനികള്‍ക്ക് സര്‍വിസിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഗോവയിലെ വിമാനത്താവളത്തില്‍ വിദേശ സര്‍വിസുകള്‍ക്ക് അനുമതി നല്‍കിയത് വ്യത്യസ്തമായ പശ്ചാത്തലത്തിലാണെന്ന് വിജയസായ് റെഡ്ഡി പറഞ്ഞു.എം.പിമാരായ കെ. മുരളീധരന്, എ.എ. റഹീം, രാഹുല്‍ കസ്വാന്, ഛെഡി പാസ്വാന്, തിറത്ത് സിങ് റാവത്ത്, രാജീവ് പ്രതാപ് റൂഡി, സുനില്‍ബാബു റാവു മെന്തെ, കാംലേഷ് പാസ്വാന്, രാംദാസ് ചന്ദ്രഭഞ്ജി തദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ജോയന്റ് സെക്രട്ടറി ഡോ. രാഗദ് പ്രസാദ് ദാഷിന്റെ നേതൃത്വത്തില്‍ സിവില്‍ ഏവിയേഷന്‍, ടൂറിസം, എയര്‍പോര്‍ട്ട് അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. കിയാല്‍ എം.ഡി സി. ദിനേശ്കുമാറിന്റെ നേതൃത്വത്തിലാണ് സംഘത്തെ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.