മട്ടന്നൂര്‍: സെന്റ് തെരേസ റീജന്‍സി കോളജ് പ്രിന്‍സിപ്പൽ വി.കെ. പ്രസന്നകുമാർ കാറിടിച്ച് മരിച്ച സംഭവത്തിൽ യഥാർഥ പ്രതി പിടിയിൽ. കാർ ഓടിച്ചിരുന്ന ഉരുവച്ചാൽ സ്വദേശി ടി. ലിജിനെയാണ് മട്ടന്നൂർ ഇൻസ്പെക്ടർ കെ.വി. പ്രമോദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ശാസ്ത്രീയമായ അന്വേഷണത്തിലാണ് ഒന്നര മാസത്തിന് ശേഷം കാർ ഓടിച്ചിരുന്നയാൾ പിടിയിലാകുന്നത്. കഴിഞ്ഞ മാസം ഒമ്പതിന് രാത്രി പത്തോടെ ഇല്ലം മൂലയിൽ വച്ചായിരുന്നു അപകടം. ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ ആൾട്ടോ കാർ നേരത്തേ അന്വേഷണ സംഘം പിടികൂടിയിരുന്നു. പ്രസന്നകുമാർ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അപകടത്തിനിടയാക്കിയ ചുവന്ന ആൾട്ടോ കാർ തിരിച്ചറിയുകയായിരുന്നു.
കാർ പിടികൂടുമെന്ന ഘട്ടമെത്തിയപ്പോൾ ഉരുവച്ചാൽ ഇടപ്പഴശി സ്വദേശിയായ ലിപിൻ കാർ സഹിതം മട്ടന്നൂർ സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. താനാണ് കാർ ഓടിച്ചിരുന്നതെന്നും അപകടം നടന്നത് ശ്രദ്ധയിൽപെട്ടില്ലെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. സഹോദരന്റെ കാറുമായി കാഞ്ഞിലേരിയിലെ താമസസ്ഥലത്തേക്ക് പോകുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകിയിരുന്നു. മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടായതിനാൽ പൊലീസ് അന്വേഷണം തുടരുകയായിരുന്നു. സൈബർ സെല്ലിന്റെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യഥാർഥ പ്രതിയെ പിടികൂടാനായതും ആർ.സി ഓണറായ ലിജിൻ തന്നെയാണ് കാർ ഓടിച്ചതെന്ന് വ്യക്തമായതും.
എന്നാൽ ലിജിന്‍ പകരം സഹോദരൻ ലിപിൻ കുറ്റം ഏറ്റെടുത്ത് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. അപകടത്തിന് ശേഷം വീട്ടിലെത്തിയ ലിജിൻ ലിപിനുമായി സംസാരിച്ച് സംഭവ സമയം കാർ ഓടിച്ചിരുന്നയാളെ മാറ്റുകയായിരുന്നു. അപകടത്തിന് ശേഷം അടുത്ത ദിവസം രാവിലെ കൂത്തുപറമ്പിലെ ഒരു വർക്ക് ഷോപ്പിലെത്തിച്ച കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് മാറ്റിയ ശേഷം പതിനൊന്നാം തീയതി രാത്രി കാർ മട്ടന്നൂർ സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു.
കാറിന്റെ തകർന്ന ബോഡി മാറ്റാൻ തീരുമാനിച്ചതായും പറയുന്നു. ഒരാഴ്ചക്ക് ശേഷം കാറിന്റെ പഴയ തകർന്ന ഗ്ലാസ് പുഴയിലേക്ക് വലിച്ചെറിഞ്ഞതായും പൊലീസ് പറഞ്ഞു. അന്വേഷണത്തെ വഴി തെറ്റിക്കുന്നതിന് ശ്രമിച്ച ആർ.സി ഓണറുടെ സഹോദരൻ ലിപിനെയും അന്വേഷണ സംഘം അറസ്റ്റു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.