മട്ടന്നൂർ: പൊള്ളുന്ന ഓർമകളുമായി എല്ലാവരുടെയും മനസ്സില്‍ തീകോരിയിട്ട എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് ഒരാണ്ട് തികയുമ്പോൾ മരണപ്പെട്ടവരുടെ കുടുംബങ്ങൾ അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ ദുരിതത്തിലാണ്. 2023 ഏപ്രിൽ രണ്ട് രാത്രിയാണ് എലത്തൂരിൽ ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസിലെ യാത്രക്കാർക്ക് നേരെ തീവെപ്പുണ്ടായത്.
മട്ടന്നൂര്‍ പാലോട്ടുപള്ളിയിലെ ബദ് രിയ മന്‍സിലില്‍ റഹ്മത്ത് (38), സഹോദരിയുടെ പുത്രി രണ്ടര വയസ്സുകാരി സഹ്റ ബത്തൂല്‍, കൊടോളിപ്രം വരുവക്കുണ്ടിലെ നൗഫീക്ക് (42) എന്നിവരായിരുന്നു മരിച്ചത്.
കടലുണ്ടി ഷുഹൈബ് സഖാഫി -ജസീല ദമ്പതികളുടെ മകളാണ് സഹ്റ ബത്തൂല്‍. ജസീലയുടെ സഹോദരിയാണ് മരിച്ച റഹ്മത്ത്. രണ്ടര വയസ്സുകാരി സഹറയെ കൂട്ടി ചാലിയത്തു നിന്ന് മട്ടന്നൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ദുരന്തമുണ്ടായത്. റഹ്മത്തിനൊപ്പം അയല്‍വാസിയും യാത്രചെയ്തിരുന്നു. മലപ്പുറത്ത് ഇഫ്താര്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു വരുവക്കുണ്ടിലെ നൗഫീക്ക്.
മരിച്ച കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ചു ലക്ഷം രൂപയും റെയില്‍വേ വിഭാഗം അടിയന്തര സഹായമായി 15,000 രൂപയും അനുവദിച്ചിരുന്നു. എന്നാല്‍, ദുരന്തത്തില്‍ പരിക്കേറ്റ പാലോട്ടുപള്ളിയിലെ റാസിക്കിന് ചികിത്സ സഹായം പോലും ലഭിച്ചില്ല.
മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാറിന്റെയും സഹായം ലഭിക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. നൗഫീക്കിന്റെ വിയോഗത്തോടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന കുടുംബം തീര്‍ത്തും ഒറ്റപ്പെട്ട സ്ഥിതിയാണ്.
അഞ്ചാംതരത്തിലും മൂന്നാംതരത്തിലും പഠിക്കുന്ന രണ്ടുപേരും രണ്ടുവയസ്സുള്ള പിഞ്ചുകുഞ്ഞുമാണ് നൗഫീക്കിന്റെ വിയോഗത്തോടെ ദുരിതക്കയത്തിലായത്. ജീവിതം മുന്നോട്ടുകൊണ്ടുപോകുവാൻ എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായവസ്ഥയിലാണ് നൗഫീഖിന്റെ ഭാര്യ ബുഷ്റ. കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ ബന്ധുക്കളാണ് നിലവിൽ നിർവഹിക്കുന്നത്.
ഇതുവരെ ലഭിക്കാത്ത റെയില്‍വേ വകുപ്പിന്റെ സഹായത്തിനായി നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് നൗഫീക്കിന്റെ ഭാര്യ ബുഷ്റ പറഞ്ഞു. പാലോട്ടുപള്ളിയിലെ റഹ്മത്തിന്റെ കൂടെ യാത്രപോയ റാസിക്കിന് ചികിത്സ ചെലവ് പോലും ലഭിച്ചിരുന്നില്ല.
രണ്ടു മാസത്തെ വിശ്രമത്തിനു ശേഷമാണ് റാസിക്ക് ജോലിക്ക് പോയിത്തുടങ്ങിയത്. പൊടുന്നനെയുള്ള എലത്തൂർ തീവെപ്പ് എൻ.ഐ.എ ഏറ്റെടുത്ത് അന്വേഷിക്കുമ്പോഴും റെയിൽവേയുടെയും കേന്ദ്രസർക്കാറിന്റെയും അർഹമായ സഹായങ്ങൾക്കായി കാത്തിരിക്കുകയാണ് ഈ മൂന്നു കുടുംബങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.