മട്ടന്നൂര്‍: വിമാനത്താവളത്തില്‍ നിന്നും മഴവെള്ളം കുത്തിയൊഴുകി വെള്ളംകയറിയ പ്രദേശം കെ.കെ. ശൈലജ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
വെള്ളം കയറിയ കല്ലേരിക്കരയിലെ വീടുകളും വിമാനത്താവളത്തിന്റ മതിലിടിഞ്ഞ ഭാഗവും സംഘം സന്ദര്‍ശിച്ചു. ഓവുചാൽ നിര്‍മിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതാണ്. എന്നാല്‍ ഭൂമിക്ക് പണം നല്‍കാതെ ഓവുചാൽ നിര്‍മിക്കാന്‍ സമ്മതിക്കില്ലെന്ന വാദം ചില ഉടമകളില്‍ നിന്ന് ഉണ്ടായിരുന്നു.
അന്ന് ഓവുചാൽ നിര്‍മിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇത്രയും വെള്ളം ഒഴുകിയെത്തിയാലും വലിയ രീതിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. 14 ഭൂവടമകളാണ് കണ്‍സന്റ് നല്‍കേണ്ടത്. എല്ലാവരും കണ്‍സന്റ് നല്കി നിര്‍മാണത്തിന് അനുമതി നല്‍കണമെന്നും ഭൂമിക്ക് പണം ലഭ്യമാക്കാന്‍ കഴിയുമെങ്കില്‍ അതിന് ശ്രമിക്കാമെന്നും എം.എല്‍.എ പറഞ്ഞു.
അതേസമയം കിയാലിന്റെ അധീനതയിലുള്ള ഓവുചാലില്‍ നിന്ന് കൃത്യമായ രീതിയില്‍ വെള്ളം ഒഴുകിയിരുന്നില്ല. ഓവുചാലുകള്‍ കാട് കയറിയും ചളിയും മണ്ണും നിറഞ്ഞ അവസ്ഥയിലുമായിരുന്നു. അതുകൊണ്ട് തന്നെ വെള്ളം ഓവുചാൽ കവിഞ്ഞും ഒഴുകിയിട്ടുണ്ട്. വിമാനത്താവളത്തിനുള്ളില്‍ നിന്നുംവരുന്ന വെള്ളത്തിന്റെ വേഗത കുറക്കാന്‍ പദ്ധതി പ്രദേശത്തിനുള്ളില്‍ കുളങ്ങള്പോലെ നിര്‍മിച്ച ഡി സെല്റ്റിങ് പിറ്റില്‍ മണ്ണും ചെളിയും നിറഞ്ഞ അവസ്ഥയിലുമായിരുന്നു. ഇതും വെള്ളം വീടുകളിലേക്ക് കയറാന്‍ ഇടയാക്കിയിട്ടുണ്ട്. നഗരസഭ ചെയര്മാന് എന്‍. ഷാജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം. രതീഷ്, കൗണ്‍സിലര്‍ പി.കെ. നിഷ, മുന്‍ വൈസ് ചെയര്മാന് പി. പുരുഷോത്തമന്, എ.ഡി.എം കെ.കെ. ദിവാകരന് എന്നിവരും എം.എല്‍.എക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.