മുഴപ്പിലങ്ങാട്: കടൽക്ഷോഭത്തെ തുടർന്നുണ്ടായ പ്രതികൂല കാലാവസ്ഥ കാരണം മുഴപ്പിലങ്ങാട് ബീച്ചില്‍ സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റിയത് പുനഃസ്ഥാപിച്ചു. ബുധനാഴ്ചയോടെ പുനഃസ്ഥാപിച്ചെങ്കിലും സന്ദർശകരെ പ്രവേശിപ്പിക്കുന്നത് തുടങ്ങിയിട്ടില്ല. പ്രവർത്തനത്തിന്റെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കിയ ശേഷം രണ്ടു ദിവസത്തിനകം സന്ദർശകർക്ക് പ്രവേശനാനുമതി ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.
നേരത്തെ ഇത് ഡ്രൈവ് ഇൻ ബീച്ച് അവസാനിക്കുന്ന ധർമടം തുരുത്തിനടുത്തായി തെറിമ്മൽ ഭാഗത്തായിരുന്നു സ്ഥാപിച്ചിരുന്നത്. പിന്നീട് തിരമാലകൾ കരയിലെ കൂടുതൽ ഭാഗവും വിഴുങ്ങിയതോടെ അവിടുന്ന് അഴിച്ചുമാറ്റി കുളം ബസാർ റോഡിനടുത്തായി സ്ഥാപിക്കുകയായിരുന്നു.
കടൽക്ഷോഭം രൂക്ഷമായതോടെ ഇവിടെനിന്ന് വീണ്ടും അഴിച്ചുമാറ്റുകയായിരുന്നു. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് അഴിച്ചു മാറ്റിയത്.
ബീച്ചിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടി കടലിന്റെ സൗന്ദര്യം ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. 2022ൽ മന്ത്രി മുഹമ്മദ് റിയാസ് ആയിരുന്നു ഉദ്ഘാടനം ചെയ്തത്.
തിരൂരിലെ തൂവൽ തീരം ഏജൻസിക്കാണ് നടത്തിപ്പ് ചുമതല. സന്ദർശകരിൽനിന്ന് ബ്രിഡ്ജിലേക്കുള്ള പ്രവേശന ഫീസ് തുടക്കത്തിൽ 200 രൂപ ഉണ്ടായിരുന്നത് പിന്നീട് 120 ആയി കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.