മുഴപ്പിലങ്ങാട്: ദേശീയപാത വികസനം തകൃതിയായി നടക്കുമ്പോഴും എടക്കാട്, മുഴപ്പിലങ്ങാട് പ്രദേശത്തുള്ളവർക്ക് ജീവിതം ദുരിതമയം. വേനൽ മഴ പെയ്തതോടെ പ്രദേശത്തെ അടിപ്പാതകളിൽ വെള്ളംകയറുന്ന സ്ഥിതിയാണ്.
മുഴപ്പിലങ്ങാട് എഫ്.സി.ഐ ഗോഡൗൺ, കുളം ബസാർ, എടക്കാട് റെയിൽവേ സ്റ്റേഷൻ, എടക്കാട് ബസാർ ഉൾപെടെ നാലുമീറ്റർ ദൂരപരിധിയിൽ നിർമിച്ച നാല് അടിപ്പാതകളും നിലവിലെ സർവിസ് റോഡിൽനിന്ന് അൽപം താഴ്ചയിലായതിനാൽ മഴ ഒന്നു ചെറുതായി പെയ്താൽ മതി വെള്ളം കയറി ചളിക്കുളമാകും.
കനത്ത മഴ പെയ്താൽ റോഡിലെ വെള്ളം മുഴുവനും അടിപ്പാതയിലാണ് ഒഴുകിയെത്തുക. സർവിസ് റോഡിന്റെ ഇരുവശത്തും നിർമിച്ച ഓവിലേക്ക് വെള്ളം ഒഴുകിപ്പോകുവാനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസത്തെ ചെറു മഴയിൽ തന്നെ അടിപ്പാതയിൽ വെള്ളവും ചളിയും നിറഞ്ഞ് കാൽനടപോലും ദുരിതത്തിലായിരിക്കുകയാണ്.
തുടർച്ചയായി മഴ പെയ്താൽ വലിയ വെള്ളക്കെട്ട് തന്നെ രൂപപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. റോഡിന്റെ കിഴക്കും പടിഞ്ഞാറും അങ്ങോട്ടും തിരിച്ചും പോകുവാൻ കാൽനടയാത്രികർ ഉൾപ്പെടെയുള്ളവരുടെ ഏക ആശ്രയമാണ് ഈ ഭാഗങ്ങിൽ നിർമിച്ച അടിപ്പാതകൾ. മഴക്കുമുന്നേ ഈ വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിച്ച് പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും അധികൃതരോടാവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.