കണ്ണൂർ: നാറാത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷം. ഒരു വയസ്സുകാരനുമായി വീടിന് പുറത്തിറങ്ങിയ 10വയസ്സുകാരി തെരുവുനായ്ക്കളിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. നാറാത്ത് ജുമാമസ്ജിദിന് സമീപം ബൈത്തുൽ അംനയിൽ അഷ്റഫിന്റെ മകൾ ഹംനയും സഹോദരൻ എമിറുമാണ് തെരുവുനായ്ക്കളിൽനിന്ന് രക്ഷപ്പെട്ടത്. കുടയിൽ കുഞ്ഞനുജനുമായി അടുത്തവീട്ടിലേക്ക് പോവുകയായിരുന്നു ഹംനക്ക് നേരെ തെരുവുനായ് കുതിച്ചെത്തുകയായിരുന്നു. ഓടി വീട്ടിലേക്ക് കയറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. വീട്ടുകാർ നോക്കിനിൽക്കെയാണ് സംഭവം.
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. നാറാത്ത്, കണ്ണാടിപ്പറമ്പ്, കല്ലൂരിക്കടവ്, കുമ്മായക്കടവ് എന്നിവിടങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. നേരത്തെ നാറാത്ത് എട്ടുപേരെ തെരുവുനായ ആക്രമിച്ചിരുന്നു. നായ് ശല്യത്തിനെതിരെ വിവിധ സംഘടനകൾ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് അടക്കം നടത്തിയിരുന്നു. തെരുവുനായ് വന്ധ്യംകരണം അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് പഞ്ചായത്തംഗം സൈഫുദ്ദീൻ നാറാത്ത് പറഞ്ഞു. നായയുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. പുല്ലൂപ്പി, വാരം കടവ്, മാതോടം, വള്ളുവൻകടവ് പ്രദേശത്തും നേരത്തെ തെരുവുനായ് ശല്യം രൂക്ഷമായിരുന്നു. കുട്ടികളെ മദ്രസയിലേക്കും സ്കൂളിലേക്കും അയക്കുന്നത് ആശങ്കയോടെയാണ്. ഈഭാഗത്ത് രാത്രി കൂട്ടമായെത്തുന്ന നായകൾ ഭീതിപരത്തുന്നത് പതിവായിരിക്കുകയാണ്. വാഹനങ്ങൾക്ക് വഴിമാറി കൊടുക്കാതെ റോഡിൽ നിലയുറപ്പിക്കുന്നവ യാത്രക്കാർക്കും ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.