പയ്യന്നൂർ: ദേശീയപാത വികസനത്തിലെ അശാസ്ത്രീയമായ മണ്ണിടൽ പാതയിൽ മരണക്കെണിയൊരുക്കുന്നു. മിക്കയിടത്തും പ്രശ്നമുണ്ടെങ്കിലും കോത്തായിമുക്ക് മുതൽ കാലിക്കടവ് വരെയുള്ള ഭാഗങ്ങളാണ് ദുരിതപാതയാവുന്നത്. വെള്ളൂരിൽ സ്ഥിതിയേറെ ദുരിതമാണ്. ചെറു വാഹനങ്ങൾക്ക് യാത്ര അസാധ്യമാവുന്നതായി നാട്ടുകാർ പറയുന്നു. അതിവേഗത്തിൽ പായുന്ന വലിയ വാഹനങ്ങൾക്കിടയിൽ നിന്ന് റോഡിന് താഴെയിറങ്ങി രക്ഷപ്പെടാൻപോലും കഴിയാത്ത സ്ഥിതിയാണ്.
ഇരുഭാഗങ്ങളിലും മണ്ണിട്ടുയർത്തിയതാണ് ഇറങ്ങി മാറിനിൽക്കാൻപോലും സാധിക്കാത്ത സ്ഥിതിയാക്കിയത്. മറ്റിടങ്ങളിൽ സർവിസ് റോഡിന്റെ പണി പൂർത്തീകരിച്ച് വാഹന ഗതാഗതം സുഗമമാക്കിയതിനുശേഷമാണ് പ്രധാന പാതയുടെ പണി നടക്കുന്നത്. വെള്ളൂരിൽ സർവിസ് റോഡില്ല. പണി നടക്കുന്ന പ്രധാന പാതയുടെ സ്ഥാനത്തെ പഴയ ദേശീയപാതയിലൂടെ തന്നെയാണ് ഗതാഗതം നടക്കുന്നത്. നിരവധിയപകടങ്ങൾ ഇതുമൂലം ഇവിടെ സംഭവിക്കുന്നു. തിങ്കളാഴ്ച ലോറി ഓട്ടോയിലിടിച്ച് യുവതി മരിക്കാനിടയായതിന് കാരണം റോഡ് നിർമാണത്തിന്റെ അശാസ്ത്രീതയാണെന്ന് നാട്ടുകാർ പറയുന്നു. മാനദണ്ഡങ്ങൾ പാലിച്ച് പ്രവൃത്തി നടത്തുന്നതിന് തയാറായി ജനങ്ങളുടെ ദുരിതത്തിനറുതി വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാണുന്നതും അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമാണ് ദേശീയപാത വികസനം. എന്നാൽ, അശാസ്ത്രീയ ഗതാഗത നിയന്ത്രണം പലയിടത്തും ദുരിതം വിതക്കുകയാണെന്ന പരാതി വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.