മാഹി: പുതുച്ചേരി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥത കാരണം ദുരിതമനുഭവിക്കുന്ന മാഹി മേഖലയിലെ പള്ളൂർ ഗവ. നോർത്ത് എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കായി രക്ഷിതാക്കൾ പ്രത്യക്ഷ സമരത്തിലേക്ക്. 200 കുട്ടികൾ പഠിക്കുന്ന പള്ളൂരിലെ ഗവ. നോർത്ത് എൽ.പി സ്കൂളിൽ ആവശ്യത്തിന് അധ്യാപകരില്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കിയിരിക്കുന്നത്. പുതുച്ചേരി സംസ്ഥാനത്തെ ആദ്യത്തെ സ്മാർട്ട് സ്കൂളിലാണ് സർക്കാറിന്റെ അനാസ്ഥ കാരണം നാഥനില്ലാത്ത അവസ്ഥ.
പ്രീ പ്രൈമറിതലം മുതൽ അഞ്ചാം തരം വരെ ഏഴ് ക്ലാസുകൾ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപകന്റെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഏഴ് അധ്യാപകർ വേണ്ടിടത്ത് മൂന്നു സ്ഥിരം അധ്യാപകർ മാത്രമാണുള്ളത്. രണ്ട് പ്രീ പ്രൈമറി ക്ലാസിന് ഒരധ്യാപകനും. ബാക്കി അഞ്ചു ക്ലാസുകൾക്കുകൂടി രണ്ട് അധ്യാപകർ.
ഇതിൽ ഒരാൾക്ക് പ്രധാനാധ്യാപകന്റെ ചുമതലയും നിർവഹിക്കണം. കോവിഡ് കാരണം രണ്ടു വർഷം നഷ്ടമായ വിദ്യാർഥികളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധനൽകേണ്ട വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥത തകർക്കുന്നത് കുട്ടികളുടെ ഭാവിയാണ്. സർക്കാറിന്റെ ഒരു സഹായവുമില്ലാതെ സ്കൂൾ പി.ടി.എ പൂർവവിദ്യാർഥികളുടെ സഹായത്തോടെ എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസുവരെ പൂർണമായും ആധുനിക സജ്ജീകരണങ്ങളോടുകൂടി സ്മാർട്ട് ക്ലാസ് റൂമുകൾ തയാറാക്കിയ സംസ്ഥാനത്തെ ആദ്യത്തെ സർക്കാർ സ്കൂളിനാണ് ഈ ഗതികേട്.
സ്കൂളിന്റെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി റീജനൽ അഡ്മിനിസ്ട്രേറ്റർ, രമേശ് പറമ്പത്ത് എം.എൽ.എ, മാഹി വിദ്യാഭ്യാസ മേലധ്യക്ഷൻ ഉത്തമരാജ് മാഹി എന്നിവരെ കണ്ട് രക്ഷിതാക്കൾ നിവേദനം നൽകി. പ്രകാശ് കാണി, അനിൽ, മുബാസ് കല്ലേരി, റുസ്മിത, വിധുല, ബേബി പ്രകാശ്, മുബിത പ്രകാശ്, സെൽമ ഷിനോജ്, ലിജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.