ഇനി കാലാവസ്ഥ അറിയാം കൃത്യമായി

കണ്ണൂർ: കാലാവസ്ഥ മാറ്റങ്ങൾ തത്സമയം മനസ്സിലാക്കാനും ആവശ്യമെങ്കിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് തയാറാകാനും കണ്ണൂരിന് ഇനി കൂടുതൽ എളുപ്പമാകും. സഹായകമാകുന്ന തരത്തിൽ ജില്ലയിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ ഒരുങ്ങി. കണ്ണൂർ കരിമ്പ് ഗവേഷണ കേന്ദ്രം, ആറളം ഫാം, അയ്യൻകുന്ന്, ചെമ്പേരി വിമൽ ജ്യോതി കോളജ്, ചെറുവാഞ്ചേരി കണ്ണവം കോളനി എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങിയത്. ഇതോടെ താപനില, മഴ, കാറ്റിന്റെ ദിശ, വേഗം, ഈർപ്പം, മർദം എന്നിവയുടെ വിവരങ്ങൾ കൃത്യമായി ലഭിക്കും.

2018 ലെ പ്രളയത്തിനുശേഷം കേന്ദ്രകാലാവസ്ഥ വകുപ്പിന്‍റെ നിർദേശപ്രകാരം സംസ്ഥാനത്താകെ 85 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾക്കാണ് അനുമതി നൽകിയത്. ഇതിൽ സംസ്ഥാനത്തുതന്നെ ആദ്യമായി കൂടുതൽ സ്റ്റേഷനുകൾ ഒരുങ്ങിയത് ജില്ലയിലാണ്. ഓരോ 15 മിനിറ്റിലും കാലാവസ്ഥ വിവരങ്ങൾ ശേഖരിച്ച് http://aws.imd.gov.in:8091/ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇന്ത്യൻ‍ കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കൃത്യമായ വിവരം ലഭിക്കാനായി തുറസ്സായ സ്ഥലത്ത് 10 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് നിരീക്ഷണ കേന്ദ്രത്തിന്റെ ടവറും ഉപകരണങ്ങളും സ്ഥാപിച്ചത്.

കേന്ദ്രം കമീഷൻ ചെയ്തില്ലെങ്കിലും പ്രവർത്തനം തുടങ്ങി. ഓട്ടോമാറ്റിക് മഴമാപിനി അടക്കം ഇതോടെ 12 കേന്ദ്രങ്ങളിൽ മഴയുടെ അളവടക്കം മനസ്സിലാക്കാനാവും. പന്നിയൂർ, കണ്ണൂർ, ഇരിക്കൂർ, ചെറുതാഴം എന്നിവിടങ്ങളിൽ നിലവിൽ മഴയുടെ അളവ് നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ മാസം സംസ്ഥാനത്തെ റെക്കോഡ് മഴ ചെറുതാഴത്താണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

മലയോരത്ത് അടക്കം നിരീക്ഷണകേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങിയതോടെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും അതിതീവ്രമഴയും കാറ്റിന്റെ തീവ്രതയുമെല്ലാം മനസ്സിലാക്കാനും ആവശ്യമായ പ്രദേശങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് തയാറാകാനും സാധിക്കും.

കാലാവസ്ഥ വ്യതിയാനങ്ങള്‍ നേരിട്ട് ലഭിക്കുന്നതിനായി സ്റ്റേഷന്‍റെ പ്രവർത്തനം മുതൽക്കൂട്ടാവും. കാലവർഷം ശക്തമാകും മുമ്പ് നിരീക്ഷണകേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങിയതിനാൽ ദുരന്തനിവാരണത്തിനടക്കം മുതൽകൂട്ടാവും. 

Tags:    
News Summary - Now you know the weather exactly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.