കണ്ണൂർ: ഒമിക്രോൺ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ പ്രതിരോധമൊരുക്കാൻ കരുതൽ ഡോസ് വിതരണം വേഗത്തിലാക്കാൻ ആരോഗ്യ വകുപ്പ്. ജനുവരി 23നകം ആദ്യഘട്ടത്തിൽ വാക്സിൻ നൽകേണ്ട മുഴുവൻ പേർക്കും എത്തിക്കാനാണ് ശ്രമം. ഇത്തരത്തിൽ ലക്ഷം പേർക്കെങ്കിലും ജില്ലയിൽ കരുതൽ ഡോസ് നൽകേണ്ടിവരുമെന്നാണ് കണക്ക്. ഇതിൽ 30,000 പേർ ആരോഗ്യ പ്രവർത്തകരാണ്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കാതെ നോക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽപേർക്ക് കോവിഡ് ബാധയുണ്ടായാൽ ആശുപത്രികളുടെയും കോവിഡ് ചികിത്സകേന്ദ്രങ്ങളുടെയും പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കരുതൽഡോസ് വിതരണം വേഗത്തിലാക്കും.
ആശുപത്രികളിൽ കൂടുതൽ കോവിഡ് രോഗികൾ എത്തുന്നതിന് മുമ്പായി ആരോഗ്യ പ്രവർത്തകർക്ക് കുത്തിവെപ്പ് നൽകും. ഇവർ ഒന്നിച്ച് കുത്തിവെപ്പിനെത്തുമ്പോൾ ആശുപത്രി പ്രവർത്തനത്തെ ബാധിക്കാനുള്ള സാധ്യത ഒഴിവാക്കാനാണിത്. റവന്യൂ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, മാധ്യമ പ്രവർത്തകർ അടക്കമുള്ള കോവിഡ് മുന്നണി പോരാളികൾക്കും 60 കഴിഞ്ഞ ഗുരുതര രോഗമുള്ളവർക്കും കരുതൽ ഡോസ് നൽകുന്നുണ്ട്.
രണ്ടുദിവസംകൊണ്ട് 4,157 പേർക്കാണ് കരുതൽ വാക്സിൻ നൽകിയത്. ബുധനാഴ്ച അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ കുത്തിവെപ്പ് ദിനമായതിനാൽ ചുരുക്കം കേന്ദ്രങ്ങളിൽ മാത്രമാണ് കരുതൽ ഡോസ് വിതരണമുണ്ടായത്. വ്യാഴാഴ്ച നൂറിലധികം കേന്ദ്രങ്ങളിൽ കുത്തിവെപ്പുണ്ടാവും. ഇതിനായി 30,000 ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്. കോവിഡ് പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ പ്രൊഫൈലിൽ രണ്ടുഡോസും സ്വീകരിച്ച പട്ടികക്ക് താഴെയായി കരുതൽ ഡോസിന് അർഹതയുണ്ടെങ്കിൽ ആ വിവരം കാണിക്കും. ഇവിടെ നിന്നും ഓൺലൈനായി സ്ലോട്ട് ബുക്ക് ചെയ്യാം. അർഹതയുള്ളവർക്ക് ആദ്യദിവസം സന്ദേശം ലഭിച്ചിരുന്നെങ്കിലും പിന്നീടുണ്ടായില്ല.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഓൺലൈനായി മാത്രമാണ് അധിക ഡോസ് നൽകിയത്. വ്യാഴാഴ്ച മുതൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കും. ആരോഗ്യ പ്രവർത്തകർ മുഖേന വാർഡ് തലത്തിലാണ് നേരിട്ട് എത്തേണ്ടത്. ഡോസുകളുടെ ലഭ്യതക്കനുസരിച്ച് മൂന്നിൽ ഒന്ന് 60 കഴിഞ്ഞ ഗുരുതര രോഗമുള്ളവർക്ക് നൽകും. വാക്സിനെടുത്ത് ഒമ്പതുമാസം (39 ആഴ്ച) പിന്നിട്ടവർക്കാണ് അധിക ഡോസ് നൽകുന്നത്. അതേസമയം, കോവാക്സിൻ സ്വീകരിച്ചവർക്കുള്ള കരുതൽ ഡോസ് ഇതുവരെ ജില്ലയിലെത്തിയിട്ടില്ല. ആദ്യഘട്ടത്തിൽ 10 ശതമാനം പേർക്ക് മാത്രമാണ് കോവാക്സിൻ നൽകാനുള്ളത്.
കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 30 ശതമാനം കിടക്കകൾ കോവിഡ് ചികിത്സക്കായി മാറ്റിവെക്കണമെന്ന് ജില്ല ദുരന്തനിവാരണ സമിതി യോഗം നിർദേശിച്ചു. ജില്ല കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിന്റേതാണ് തീരുമാനം.
ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ജാഗ്രത നിർദേശം നൽകിയതായി ഡി.എം.ഒ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി സെക്ടറൽ മജിസ്ട്രേറ്റ് സംവിധാനം ശക്തിപ്പെടുത്തും. പൊതുപരിപാടികളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കും. ഇക്കാര്യം ജനുവരി 15ന് ചേരുന്ന ജില്ല ആസൂത്രണ സമിതി യോഗം പ്രത്യേകം ചർച്ച ചെയ്യും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധികം വേണ്ടവരെ ജില്ല ദുരന്തനിവാരണ സമിതി വഴി നിയമിക്കും. ഇതുസംബന്ധിച്ച എച്ച്.ആർ പ്ലാൻ തയാറാക്കാൻ ഡി.എം.ഒയെ ചുമതലപ്പെടുത്തി. ജില്ലയിൽ ആവശ്യത്തിന് വാക്സിൻ കരുതൽശേഖരം ഉള്ളതായി ആർ.സി.എച്ച് ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.