പാനൂർ: എസ്.കെ.എസ്.എസ്.എഫ് കണ്ണൂർ ജില്ല പ്രസിഡൻറും സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ പാനൂർ മേഖലയിലെ മുൻനിര പ്രവർത്തകനുമായ ആർ.വി. അബൂബക്കർ യമാനിക്കുനേരെ സാമൂഹിക വിരുദ്ധരുടെ അക്രമം. നാലുപേർ ചേർന്നാണ് മർദിച്ചത്. പ്രതികളിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മീത്തലെ ചെറിയമംഗലത്ത് സുമേഷ് (30), നൂഞ്ഞമ്പ്രത്തെ യദു (31) എന്നിവരാണ് പിടിയിലായത്. ഇവർ സി.പി.എം പ്രവർത്തകരാണ്. പരിക്കേറ്റ അബൂബക്കർ യമാനിയെയും ഷഫീഖ് വാഫിയെയും പാനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 11.30ഓടെ കല്ലിക്കണ്ടി പെട്രോൾ പമ്പിന് സമീപത്താണ് സംഭവം. അബൂബക്കറും സഹപ്രവർത്തകൻ ഷഫീഖ് വാഫിയും തൂവ്വക്കുന്ന് യമാനിയ കോളജിലേക്ക് പോകുന്നവഴിയാണ് അക്രമം. കല്ലിക്കണ്ടിയിൽ കുടിവെള്ളം വാങ്ങാനായി കടയിൽ കയറിയപ്പോൾ, തൊട്ടടുത്ത സ്ഥലത്ത് നിലയുറപ്പിച്ച നാലുപേർ ഇവരെ അകാരണമായി ചീത്തവിളിക്കുകയും ബൈക്കിൽ പോകുംവഴി തടഞ്ഞുനിർത്തി മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി.
പെട്രോൾ പമ്പിനടുത്തുവെച്ച് മൂന്നുപേർ കാറിലും ഒരാൾ ബൈക്കിലും പിന്തുടർന്ന് ബൈക്ക് തടഞ്ഞുനിർത്തുകയും തലപ്പാവും മദ്റസ പുസ്തകങ്ങളും ചളിവെള്ളത്തിലെറിഞ്ഞ് മർദിക്കുകയുമായിരുന്നുവെന്ന് അബൂബക്കർ പറഞ്ഞു. സംഭവമറിഞ്ഞ് കൊളവല്ലൂർ സി.ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.