പാനൂർ: പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുമ്പോൾ ചമ്പ്ര കുന്ന് നിവാസികൾക്ക് ആവശ്യപ്പെടാനുള്ളത് തങ്ങൾക്ക് കുടിവെള്ളമെങ്കിലും എത്തിച്ചുതരുമോ എന്നാണ്. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് 15ാം വാർഡ് കുറുങ്ങാട് ചമ്പ്ര കുന്ന് വാസികളായ 20ാളം കുടുംബങ്ങൾക്കാണ് കുടിവെള്ളം കിട്ടാക്കനിയായി മാറിയത്. പ്രദേശത്തെ കിണറുകളിൽ ജലസാന്നിധ്യം കണ്ടെത്താൻ കഴിയാത്ത സ്ഥിതിയിൽ ഒരുപതിറ്റാണ്ട് മുമ്പ് പ്രഖ്യാപിച്ച ചമ്പ്ര കുടിവെള്ള പദ്ധതി ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഡയാലിസിസ് രോഗികളും വൃദ്ധജനങ്ങളുമടങ്ങുന്ന പ്രദേശവാസികൾ അര കിലോമീറ്റർ അകലത്തെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് കുടി വെള്ളത്തിനായി ആശ്രയിക്കുന്നത്. കൂടാതെ സഞ്ചാരയോഗ്യമായ റോഡുകളുടെ അഭാവത്തിൽ വരൾച്ചാകാലത്ത് സന്നദ്ധ പ്രവർത്തകർ വിതരണം ചെയ്യുന്ന ടാങ്കർ ജലവും ഇവർക്ക് അപ്രാപ്യമാണ്. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങളുമായി ഓടിയെത്തുന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഒന്നുംതന്നെ പദ്ധതി യാഥാർഥ്യമാക്കാൻ ശ്രമിച്ചില്ലെന്ന് വീട്ടമ്മമാർ പരിതപിക്കുന്നു.
പ്രദേശത്തെ വീട്ടമ്മമാർ കോവിഡ് മാനദണ്ഡം പാലിച്ച് കഴിഞ്ഞദിവസം ശ്രീരാമ ഗുരുകുലം എൽ.പി സ്കൂളിൽ ഒത്തുകൂടി. പ്രദേശം നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും ചമ്പ്ര കുടിവെള്ള പദ്ധതി അടുത്ത വേനലിന് മുമ്പെങ്കിലും യാഥാർഥ്യമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.