പാനൂർ: പ്ലസ് വൺ പൊതുപരീക്ഷ ആഗസ്റ്റിൽ നടത്തുമെന്നും അവരുടെ പ്ലസ് ടു ക്ലാസ് ജൂൺ രണ്ടാംവാരം ആരംഭിക്കുമെന്നുമുള്ള സർക്കാർ അറിയിപ്പിൽ ആശങ്കയിലായി വിദ്യാർഥികൾ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി, പ്ലസ് വൺ പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ പരീക്ഷ എങ്ങനെ നേരിടും എന്നതിനെ സംബന്ധിച്ച് കടുത്ത ആശങ്കയും പ്രശ്നങ്ങളും സമൂഹ മാധ്യമങ്ങളിലടക്കം വിദ്യാർഥികൾ പങ്കുവെക്കുന്നുണ്ട്. കഴിഞ്ഞ വർഷം കോവിഡിെൻറ ആദ്യപാദത്തിൽ 10ാം ക്ലാസ് പരീക്ഷ പാസായി പ്ലസ് വൺ പ്രവേശനം നേടിയവരാണ് നിലവിലെ 11ാം ക്ലാസ് വിദ്യാർഥികൾ.
ഇൻറർവ്യൂ സമയത്തല്ലാതെ പിന്നീട് ഇവർ വിദ്യാലയത്തിന്റെ പടി ചവിട്ടിയിട്ടില്ല. കുട്ടികളും അധ്യാപകരും പരസ്പരം നേരിൽ കാണുകയോ പരിചയപ്പെടുകയോ പോലും ചെയ്തിട്ടില്ല. പരീക്ഷാ മോഡലിനെക്കുറിച്ചോ സമയത്തെക്കുറിച്ചോ പോലും വിദ്യാർഥികൾക്ക് ധാരണയില്ല.
മിക്ക വിദ്യാലയങ്ങളിലും ഫോൺവഴി മാത്രമാണ് അധ്യാപകരുമായുള്ള ബന്ധം. കൈറ്റ് വിക്ടേഴ്സ് ക്ലാസുകൾ വഴി വിദ്യാർഥികൾ ആർജിക്കുന്ന അറിവുകൾ ഒന്നുകൂടി ഉറപ്പിക്കുന്ന രീതിയിലുള്ള അധ്യയനമാണ് ഇതുവരെ വിദ്യാലയങ്ങളിൽ നടന്നത്. പ്ലസ് വൺ വിക്ടേഴ്സ് ക്ലാസ് ആരംഭിച്ചത് നവംബർ ആദ്യത്തെ ആഴ്ചയിലാണ്. ഈ ഏഴ് മാസത്തിനിടയിൽ അധ്യാപകർ കൂടുതൽ സമയവും ചെലവഴിച്ചത് പ്ലസ് ടു വിദ്യാർഥികൾക്ക് വേണ്ടിയാണെന്നും പ്ലസ് വൺ വിദ്യാർഥികൾ പറയുന്നു.
ഈ സാഹചര്യത്തിൽ രണ്ടുമാസം കഴിഞ്ഞ് പൊതുപരീക്ഷയെന്ന യാഥാർഥ്യം മിക്ക വിദ്യാർഥികളിലും മാനസിക പിരിമുറുക്കം സൃഷ്ടിച്ചിട്ടുണ്ട്. പ്ലസ് ടു വിദ്യാർഥികൾക്ക് നൽകിയതുപോലെ ഉടൻ ഫോക്കസ് പോയൻറ് പാഠഭാഗങ്ങൾ നൽകണമെന്നും ഒരു മാസമെങ്കിലും സ്കൂളിലെത്തി അധ്യാപകരുടെ കീഴിൽ റിവിഷൻ ക്ലാസുകളും മോഡൽ പരീക്ഷ ചോദ്യങ്ങൾ ചർച്ച ചെയ്യുകയും വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ജൂണിൽതന്നെ പ്ലസ് വൺ പഠനം നിർത്തി പ്ലസ് ടു ക്ലാസുകൾ ആരംഭിക്കുമെന്ന് പറയുന്നതും വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കും.
കഴിഞ്ഞ ദിവസങ്ങളിൽ മാത്രമാണ് വിക്ടേഴ്സിൽ പാഠഭാഗങ്ങൾ ഓടിച്ചുതീർത്തത്. ഇത് വിദ്യാർഥികൾക്ക് മനസ്സിലാവുന്ന രീതിയിൽ പഠിപ്പിക്കാനുള്ള ശ്രമമാണ് പലയിടങ്ങളിലും അതത് വിദ്യാലയങ്ങളിലെ അധ്യാപകർ ചെയ്യുന്നത്. അതിനിടെ ഉടൻ രണ്ടാംവർഷ ക്ലാസ് കൂടി ആരംഭിക്കുന്നത് വിദ്യാർഥികളെ ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിക്കുക. അതോടൊപ്പം അധ്യാപകർക്ക് ജൂണിൽ മൂല്യനിർണയ ക്യാമ്പുകളിലെത്തുകയും വേണം. വിക്ടേഴ്സിൽ ലഭിച്ച പാഠഭാഗങ്ങൾ ഉറച്ച് പഠിക്കാൻ കുറച്ചുകൂടി സമയം പ്ലസ് വൺ ക്ലാസുകളിൽ നൽകണമെന്ന് ആവശ്യമുയരുന്നുണ്ട്.
തുടർന്ന് ജൂലൈയിൽ ഭാഗികമായി സ്കൂളുകളിലെത്തിച്ച് റിവിഷനും പരീക്ഷയും നടത്തിയശേഷം രണ്ടാം വർഷ പാഠഭാഗങ്ങൾ ആരംഭിക്കുന്നത് ഗുണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.