പേരാവൂർ: മാവോവാദികൾക്ക് ഇടത്താവളമായി കൊട്ടിയൂർ - ആറളം വനമേഖലകൾ. കൊട്ടിയൂർ മേഖലയിലും കേളകം വനാതിർത്തി കോളനികളിലും മാവോവാദി സംഘങ്ങൾ പതിവായി വന്ന് മടങ്ങുന്നത് പൊലീസിന് തലവേദനയാകുമ്പോൾ ഇതിന് കാരണമാകുന്നത് വനമേഖലകൾ ഇടത്താവളമാക്കുന്നതിന്‍റെ തെളിവാണെന്ന വിലയിരുത്തലിലാണ് വിവിധ സേനാവിഭാഗങ്ങൾ. കഴിഞ്ഞ ഒരു മാസത്തിനിടെ പലതവണ കൊട്ടിയൂർ വനാതിർത്തിയോടുചേർന്ന കോളനിയിലും വിവിധ വീടുകളിലും മാവോവാദികൾ എത്തിയ സംഭവങ്ങളിൽ കേളകം പൊലീസ് രണ്ട് യു.എ.പി.എ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വയനാട് വനമേഖല പങ്കിടുന്ന കൊട്ടിയൂർ വനപ്രദേശമാണ് മാവോവാദികളുടെ വിഹാരകേന്ദ്രം.
പാൽചുരം താഴ്വാരത്തെ അമ്പായത്തോട്ടിൽ പലതവണ മാവോവാദികൾ സായുധരായി പ്രകടനം നടത്തിയതും പോസ്റ്റർ പതിച്ചതും പൊലീസിന് വെല്ലുവിളിയാണ്. ഇവർക്ക് പ്രാദേശിക പിന്തുണ ലഭിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂർ, വയനാട് ജില്ലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ -പാൽചുരം -ബോയ്‌സ് ടൗൺ റോഡ് ആരംഭിക്കുന്നത് അമ്പായത്തോട് ടൗണിൽനിന്നാണ്. കണ്ണൂർ, വയനാട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളായ കൊട്ടിയൂരിനും തവിഞ്ഞാലിനും ഇടയിലുള്ള വനമേഖലയാണ് സായുധ വിപ്ലവക്കാരായ നക്സൽ, മാവോവാദികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പ്രദേശം. കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങളും രണ്ടായിരത്തോളം ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ച ആറളം ഫാം പുനരധിവാസ മേഖലയടക്കം നിരവധി ആദിവാസി കോളനികളും ഇത്തരം സംഘങ്ങൾക്ക് ഒളിത്താവളമായി എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നുവെന്ന അവസ്ഥയുമുണ്ട്. മാവോവാദി സഞ്ചാരമുള്ള വനമേഖലകൾ കേന്ദ്രീകരിച്ച് പൊലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വന പാതകളിലും വനാതിർത്തി ഗ്രാമങ്ങളിലും തണ്ടർബോൾട്ട് സേനയും തിരച്ചിൽ നടത്തി ജാഗ്രതയിലാണെന്നും കൊട്ടിയൂർ വനപ്രദേശം മാവോവാദികളുടെ സുരക്ഷിത താവളമാണെന്ന സംശയത്തിൽ ഊർജിത നടപടികൾ ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.