കണ്ണൂർ: പരിചരിക്കാനാവാതെ വളർത്തുമൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി ജില്ല മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. ജന്തുജന്യ രോഗങ്ങൾ തടയാൻ ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. എസ്.ജെ. ലേഖ അധ്യക്ഷത വഹിച്ചു.
കോവിഡ് കാലത്ത് വീടുകളിലേക്ക് വളർത്തു മൃഗങ്ങളെ വാങ്ങിയവർ ഇപ്പോൾ പരിചരിക്കാൻ സമയമില്ലാത്തതിന്റെ പേരിൽ രാത്രികാലങ്ങളിൽ തെരുവിൽ തള്ളുകയാണെന്ന് എൽ.എം.ടി.സി അസി. ഡയറക്ടർ ഡോ. അനിൽകുമാർ പറഞ്ഞു.
കൃത്യസമയത്ത് ഭക്ഷണം ലഭിച്ചുകൊണ്ടിരുന്ന ഇവ അത് ലഭിക്കാതായതോടെയാണ് ആക്രമണം നടത്തുന്നത്. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം വർധിച്ചുവരികയാണെന്ന് സെമിനാറിൽ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ടി. വിജയമോഹനൻ പറഞ്ഞു.
ജന്തുക്ഷേമ നിയമങ്ങളിലല്ല മനുഷ്യരുടെ കാഴ്ചപ്പാടുകളിലാണ് മാറ്റം വരേണ്ടതെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. പ്രശാന്ത് അഭിപ്രായപ്പെട്ടു. വളർത്തുമൃഗങ്ങൾക്കും അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്കും എതിരായ ക്രൂരത തടയാനും സാമൂഹിക പ്രതിബദ്ധതയോടെ മൃഗങ്ങളെ വളർത്താനുമുള്ള വിവിധ നിയമങ്ങളെക്കുറിച്ച് സെമിനാറിൽ അവബോധം നൽകി.
കോളജ് വിദ്യാർഥികൾ പരിഹാര മാർഗങ്ങൾ നിർദേശിച്ചു. വെറ്ററിനറി സർജൻ ഡോ. ആസിഫ് എം. അഷ്റഫ്, കണ്ണൂർ എസ്.എൻ കോളജിലെ അസി. പ്രഫസർമാരായ സി.കെ.വി. രമേശൻ, ബി.ഒ. പ്രസാദ്, ഫീൽഡ് ഓഫിസർ രമേശ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു. സ്കൂൾ-കോളജ് വിദ്യാർഥികൾ, മൃഗസംക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് ക്ലാസ് നൽകി. ജനുവരി 28ന് രാവിലെ 10ന് കർഷകർക്ക് ബോധവത്കരണ ക്ലാസ് നടക്കും. പരിപാടി മൂന്നിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.