നടുവിൽ: ആർട്ടിഫിഷൽ ഇൻറലിജൻസ്, റോബോട്ടിക്സ് തുടങ്ങി അതിനൂതന ആശയങ്ങളുമായി സാങ്കേതിക വിദ്യ കുതിച്ചുയരുന്ന കാലത്ത് പോളിടെക്നിക്കുകളെ നവീകരിക്കാനുള്ള പദ്ധതികൾ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുകയാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ജില്ലയിലെ മലയോര മേഖലയിൽ ആരംഭിച്ച ആദ്യത്തെ സർക്കാർ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ നടുവിൽ ഗവ. പോളിടെക്നിനിക് കോളജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യുവ മസ്തിഷ്കങ്ങളിൽ രൂപം കൊള്ളുന്ന പുത്തൻ ആശയങ്ങൾക്ക് ചിറകുകൾ നൽകി വൈജ്ഞാനിക ആകാശത്തേക്ക് പറത്തി വിടാനുതകുന്ന ഭൗതിക, അക്കാദമിക സാഹചര്യങ്ങൾ ഒരുക്കണമെന്ന ആഗ്രഹമാണ് സർക്കാറിനെ നയിക്കുന്നത്. അതിനായി മികച്ച വർക്ക്ഷോപ്പുകളും ലാബുകളും പോളിടെക്നിക്കുകൾക്ക് നൽകിവരികയാണ്.
നൂതനമായ ആശയങ്ങൾ മുന്നോട്ട് വെക്കുന്ന വിദ്യാർഥികൾക്ക് യങ് ഇന്നവേറ്റർ പ്രോഗ്രാം എന്ന പേരിൽ അഞ്ച് ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ നൽകുന്ന പദ്ധതികൾ സംസ്ഥാനത്തുണ്ടെന്നും മന്ത്രി പറഞ്ഞു. സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നടുവിൽ പോളിടെക്നിക് സാക്ഷ്തകരിക്കുന്നതിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുടെ സഹായം വളരെ വലുതാണെന്നും കക്ഷിരാഷ്ട്രീയമന്നേ എല്ലാവരും ഇക്കാര്യത്തിൽ ഒത്തുചേർന്നുവെന്നും എം.എൽ.എ പറഞ്ഞു.
പോളിടെക്നിക് കോളജിന് സ്ഥലം വിട്ടുനൽകിയ ടി.പി. ഭാർഗവി അമ്മ, കോളജ് യാഥാർഥ്യമാവാൻ പ്രയത്നിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കേശവൻ, സ്പെഷൽ ഓഫിസർ എം.സി. പ്രകാശൻ എന്നിവരെ മന്ത്രി ആദരിച്ചു. ജോൺ ബ്രിട്ടാസ് എം.പി മുഖ്യാതിഥിയായി.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എം.എസ്. രാജശ്രീ മുഖ്യപ്രഭാഷണവും സീനിയർ ജോ. ഡയറക്ടർ ഡോ.എം. രാമചന്ദ്രൻ ആമുഖ പ്രസംഗവും നടത്തി. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ഷാജി തൈയ്യിൽ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ, നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ, വൈസ് പ്രസിഡന്റ് സി.എച്ച്. സീനത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോഷി കണ്ടത്തിൽ.
എം.വി. വഹീദ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റീജനൽ ജോ. ഡയറക്ടർ ജെ.എസ്. സുരേഷ് കുമാർ, കണ്ണൂർ ജി.പി.ടി.സി പ്രിൻസിപ്പൽ എം.സി. പ്രകാശൻ, മട്ടന്നൂർ ജി.പി.ടി.സി പ്രിൻസിപ്പൽ പ്രമോദ് ചാത്തമ്പള്ളി, നടുവിൽ ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് വി. പുരുഷോത്തമൻ, നടുവിൽ ജി.പി.ടി.സി പ്രിൻസിപ്പൽ കെ.എം. ഷിഹാബുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.