കണ്ണൂര്‍: ഉദ്ഘാടനം ചെയ്തതിന് പിന്നാലെ അടച്ചിട്ട കണ്ണൂർ റെയില്‍വെ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ സർവിസ് പുനരാരംഭിക്കുന്നതിനായി പ്രീപെയ്ഡ് ഓട്ടോ നഗരപരിധി നിശ്ചയിച്ചു. ജില്ല വികസന സമിതി യോഗത്തിലെ നിര്‍ദേശത്തെ തുടർന്ന് നഗരത്തില്‍ പ്രീപെയ്ഡ് നഗരപരിധി നിശ്ചയിക്കുന്നതിനായി കണ്ണൂര്‍ കോർപറേഷനിൽ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി യോഗത്തില്‍ ഓട്ടോറിക്ഷ തൊഴിലാളി സംഘടന പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
പ്രീപെയ്ഡ് ഓട്ടോ നിരക്ക് നിശ്ചയിക്കുന്നതിനായി അടുത്ത ദിവസം തന്നെ കോർപറേഷൻ, പൊലീസ്, ആര്.ടി.ഒ ഓട്ടോ തൊഴിലാളി സംഘടന പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേരും. എല്ലാ ഓട്ടോ സ്റ്റാൻഡുകളിലും ഓട്ടോകളുടെ എണ്ണം രേഖപ്പെടുത്തി ബോര്‍ഡ് സ്ഥാപിക്കുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തു.
ദീര്‍ഘകാലമായി പരിഹരിക്കപ്പെടാതെ കിടന്ന പ്രീപെയ്ഡ് ഓട്ടോ സംവിധാനം നടപ്പിലാക്കുന്നതിനായുള്ള ആദ്യഘട്ടം പിന്നിട്ടിരിക്കുകയാണെന്ന് മേയര്‍ ടി.ഒ. മോഹനന് പറഞ്ഞു. നിരക്ക് നിശ്ചയിച്ച് അടിയന്തരമായി പ്രീപെയ്ഡ് ഓട്ടോ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നും മേയര്‍ പറഞ്ഞു.
നഗരപരിധിയും നിരക്കും സംബന്ധിച്ച് ഓട്ടോ തൊഴിലാളികള്‍ക്ക് എതിര്‍പ്പുള്ളതിനാൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തുടങ്ങിയ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പ്രവർത്തനം നിർത്തിയിരുന്നു. മൂന്നു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പ്രീപെയ്ഡ് ഓട്ടോ സംവിധാനം പുനരാരംഭിച്ചതിന് പിന്നാലെ ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധത്തെത്തുടർന്ന് നിർത്തുകയായിരുന്നു. ഇതോടെ ദുരിതത്തിലായത് നഗരത്തിലെത്തുന്ന യാത്രക്കാരായിരുന്നു. നഗരപരിധി തീരുമാനിച്ചതിന് പിന്നാലെ ഓട്ടോ നിരക്കും നിശ്ചയിച്ചാൽ കൗണ്ടർ തുറക്കാനാവും.
യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, സ്ഥിരംസമിതി അധ്യക്ഷരായ പി. ഇന്ദിര, സുരേഷ് ബാബു എളയാവൂര്, ഷാഹിന മൊയ്തീന്, സിയാദ് തങ്ങള്‍, അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ ടി.കെ. രത്നകുമാര്‍, കണ്ണൂര്‍ ആര്.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണന്, തഹസില്‍ദാര്‍ എം.ടി. സുരേഷ് ചന്ദ്രബോസ്, പൊലീസ് ഇന്‍സ്പെക്ടര്‍ ബിനു മോഹന്‍, പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസി. എൻജിനീയര്‍ എം.പി. റസ്നല് അലി, കണ്ണൂര്‍ ട്രാഫിക് എസ്.ഐ മനോജ്കുമാർ, വിവിധ ഓട്ടോതൊഴിലാളി സംഘടന പ്രതിനിധികളായ കുന്നത്ത് രാജീവന്, എ.വി. പ്രകാശന്, സി.കെ. മുഹമ്മദ്, എം. രാജീവന്, എന്‍. ലക്ഷ്മണന്, ധീരജ്, സി.കെ. ശശികുമാര്‍, പി.കെ. ജയരാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.