കണ്ണൂർ: ഏറെക്കാലത്തിന് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം പുനരാരംഭിച്ച പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിൽനിന്നുള്ള യാത്രാക്കൂലി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ കമ്മിറ്റി രൂപവത്കരിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഉയർന്ന പരാതികൾ കമ്മിറ്റി പരിശോധിക്കും. വെള്ളിയാഴ്ച രാവിലെ 11ന് കമ്മിറ്റി യോഗം ചേരും. വിഷയങ്ങൾ പഠിച്ചശേഷം മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകും. അതിന് ശേഷം പ്രീപെയ്ഡ് ഓട്ടോ ചാർജും ചാർജ് ഈടാക്കാനുള്ള നഗരപരിധിയും നിശ്ചയിക്കുമെന്ന് എം.എൽ.എ അറിയിച്ചു. ആർ.ടി.ഒ, കോർപറേഷൻ പ്രതിനിധി, വിവിധ ഓട്ടോതൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവരടങ്ങുന്ന ഏഴംഗ കമ്മിറ്റിയാണ് രൂപവ്കരിച്ചത്.
കാത്തിരിപ്പിന് ശേഷം യാത്രക്കാർക്ക് ആശ്വാസമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പുനരാരംഭിച്ച പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറിനെതിരെ ഉദ്ഘാടന ദിവസംതന്നെ പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർമാർ രംഗത്തെത്തിയിരുന്നു. ഓട്ടോ നിരക്ക് നിശ്ചയിച്ചത് ഡ്രൈവർമാരുമായി ആലോചിക്കാതെയാണെന്ന പരാതിയെ തുടർന്നാണ് പ്രീ പെയ്ഡ് കൗണ്ടറിലെ ഓട്ടം ബഹിഷ്കരിച്ചത്.
ഏകപക്ഷീയമായാണ് ചാർജ് നിശ്ചയിച്ചതെന്നും നിരക്ക് അംഗീകരിക്കാനാവില്ലെന്നുമാണ് സംയുക്ത തൊഴിലാളി യൂനിയൻ നിലപാട്. ടൗൺ പരിധി പുനർനിശ്ചയിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
നിലവിൽ ഓടുന്ന ചാർജിൽ തന്നെ സർവിസ് നടത്താനും തൊഴിലാളി യൂനിയനുമായുള്ള ചർച്ചക്ക് ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കാമെന്നുമുള്ള അധികൃതരുടെ ഉറപ്പിൻമേലാണ് കഴിഞ്ഞദിവസം ഓട്ടോറിക്ഷകൾ സർവിസ് നടത്തിയത്. തുടർന്നാണ് എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
ആർ.ടി.ഒ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എ.സി.പി ടി.കെ. രത്നകുമാർ, ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ, എം.വി.ഐ കെ.ബി. ഷിജോ, എ.എം.വി.ഐമാരായ കെ.പി. ജോജു, നിതിൻ നാരായണൻ, ട്രാഫിക് എസ്.ഐ മനോജ് കുമാർ, ട്രോമാകെയർ പ്രതിനിധി സി. ബുഷാർ, വിവിധ ഓട്ടോ തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.