കണ്ണൂർ: വിവാഹ ആഘോഷങ്ങളിലെ ആഭാസങ്ങൾക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്താൻ കോർപറേഷൻ. ഇതിനായി കോർപറേഷൻ വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നിരീക്ഷണ സമിതികൾ ശക്തമാക്കും.
വിവാഹ ആഘോഷങ്ങളുടെ മറവിൽ നടക്കുന്ന ആഭാസങ്ങൾക്കും വർധിക്കുന്ന ലഹരി ഉപയോഗത്തിനുമെതിരെ സമൂഹത്തിൽ ബോധവത്കരണം നടത്തുന്നതിനായി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
യോഗത്തിൽ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടികൾ, യുവജന-മഹിള സംഘടനകൾ, റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ, പൊലീസ്-എക്സൈസ്-റവന്യൂ അധികാരികൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവരുടെ യോഗമാണ് തീരുമാനമെടുത്തത്. കണ്ണൂർ കോർപറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ മേയർ അഡ്വ. ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു.
സമീപകാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിവാഹ വീടും പരിസരങ്ങളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ ഇടപെടലുകളും നിരീക്ഷണങ്ങളും നടത്തണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനായി കോർപറേഷൻ തലത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ബന്ധപ്പെട്ട കൗൺസിലർമാർ ചെയർമാന്മാരായ വാർഡ് തല നിരീക്ഷണ സമിതികൾ രൂപവത്കരിക്കും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്സൈസിന്റെ സഹായത്തോടെ വിദ്യാലയങ്ങളിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും യോഗത്തിൽ ധാരണയായി.
യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സുരേഷ് ബാബു എളയാവൂർ, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങൾ, എം.പി. രാജേഷ്, ഷാഹിന മൊയ്തീൻ, പി. ഷമീമ, കൗസിലർമാരായ മുസ്ലിഹ് മഠത്തിൽ, എൻ. സുകന്യ, എൻ. ഉഷ, വി.കെ. ഷൈജു, സെക്രട്ടറി ആർ. രാഹേഷ്, വിവിധ രാഷ്ട്രീയ പാർട്ടി യുവജന മഹിള പ്രതിനിധികളായ റഷീദ് കവ്വായി, പോത്തോടി സജീവൻ, വെള്ളോറ രാജൻ, കെ.പി. സലീം, കെ.എം. സപ്ന, എം.സി. സജീഷ്, ടി. നിർമല, വിമുക്തി ജില്ല മാനേജർ കെ.കെ. ദിനേശൻ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദ്, പൊലീസ് സബ് ഇൻസ്പെക്ടർമാരായ കെ. പുരുഷോത്തമൻ, വി. ഹാരിഷ്, ഡെപ്യൂട്ടി തഹസിൽദാർ കെ.വി. ഷാജു, റസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ആർ. അനിൽകുമാർ, നിസാമുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
തലശ്ശേരി: വിവാഹ ആഭാസങ്ങൾക്കെതിരെ ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് തീരുമാനിച്ചു. വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം പള്ളികളിൽ ഖത്തീബുമാർ ബോധവത്കരണം നടത്തും. നിക്കാഹ് ഫോറം നൽകുന്ന ഘട്ടത്തിൽ തന്നെ ബന്ധപ്പെട്ടവർക്ക് പ്രത്യേക നിർദേശങ്ങൾ അടങ്ങിയ മാതൃക പെരുമാറ്റ സംഹിത നൽകാനും യോഗം തീരുമാനിച്ചു. മാർച്ച് രണ്ടാം വാരം തലശ്ശേരി നഗരസഭ പരിധിയിലെ 51 പള്ളി കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ഖത്തീബ് എന്നിവരെ പങ്കെടുപ്പിച്ചു മഹല്ല് ശാക്തീകരണ ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു.
യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.സി. അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി.വി. സൈനുദ്ദീൻ, എം. ഫൈസൽ ഹാജി, എ.കെ. ആബൂട്ടി ഹാജി, കെ.പി. നജീബ്, വി.കെ. ജവാദ് അഹമ്മദ്, സി.കെ.പി. അബ്ദുറഹ്മാൻ കേയി, പി. സമീർ, സി. ഹാരിസ് ഹാജി, അഡ്വ. കെ.എ. ലത്തീഫ്, എ.കെ. മുസമ്മിൽ, കെ.പി. നിസാർ, സി.കെ.പി. റയീസ്, കെ.പി. ഉമ്മർകുട്ടി, പി.എ. അബ്ദുൽ മന്നാൻ, സി. ഇഖ്ബാൽ, പി. ഇർഷാദ് അബ്ദുല്ല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.