കണ്ണൂര്‍: 23 വർഷത്തെ കാത്തിരിപ്പിന് സുവർണവിരാമമിട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ കിരീടം കണ്ണൂരിലെത്തിച്ച കൗമാര കലാപ്രതിഭകൾക്ക് പിറന്നനാട്ടിലെ പൗരാവലിയുടെ കളർഫുൾ സ്വീകരണം. തിങ്കളാഴ്ച മുതലേ പ്രതിഭകളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ജില്ല പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും. കൊല്ലത്ത് നടന്ന 62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ കിരീടത്തിലേക്ക് ചുവടുവെക്കാൻ സഹായിച്ച ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളെയും അധ്യാപകരെയും ആവേശത്തോടെയാണ് കണ്ണൂര്‍ ജില്ലയിലെ കലാപ്രേമികളും ജനങ്ങളും വരവേറ്റത്. ചൊവ്വാഴ്ച വൈകീട്ടോടെ കൊല്ലത്തുനിന്ന് കണ്ണൂരിലെത്തിയ ടീമിനെ ജില്ലാതിര്‍ത്തിയായ മാഹിയില്‍ ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കലക്ടര്‍ അരുണ്‍ കെ. വിജയന് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണമെരുക്കിയത്.
ആഘോഷപൂർവം ടീമിനെ വരവേറ്റ് തുറന്ന വാഹനത്തില്‍ കണ്ണൂര്‍ നഗരത്തിലേക്ക് ആനയിച്ചു. തലശ്ശേരി ടൗണ്‍, മീത്തലെ പീടിക, മൊയ്തുപാലം, എടക്കാട് ബസാര്‍, ചാല, താഴെചൊവ്വ എന്നിവിടങ്ങളിൽ കലാകാരമ്മാരെയും സ്വർണക്കപ്പും കാത്ത് നൂറുകണക്കിന് നാട്ടുകാരാണ് സ്വീകരിക്കാനായി തടിച്ചുകൂടിയത്.
ഇവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കാൽടെക്സിലെത്തിയപ്പോഴേക്കും ജനനിബിഡമായി. സമാപന ആഹ്ലാദസദസില് പങ്കെടുത്ത കഥാകൃത്ത് ടി. പത്മനാഭന് കുട്ടികള്‍ക്ക് മധുരം നല്കി. കടമ്പൂര് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്റ തെരസാസ് ആംഗ്ലോ ഇന്ത്യന്‍ സ്കൂള്‍, വാരം സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുടങ്ങിയ സ്കൂളുകള്‍ വിവിധ മത്സരങ്ങളില്‍ നടത്തിയ മിന്നും പ്രകടനമാണ് കണ്ണൂരിന് സ്വര്‍ണക്കപ്പ് ഉയര്‍ത്താന്‍ സഹായകരമായത്. ഇതിൽ കടമ്പൂർ എച്ച്.എസ്.എസിലെ ഹൈസ്കൂൾ വിഭാഗത്തിന്റെ നാടകം സ്വർണക്കപ്പ് ഉയർത്താൻ കാരണമായി.
കലോത്സവത്തില്‍ വിജയികളായ മുഴുവന്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് പിന്നീട് വമ്പന്‍ സ്വീകരണവും വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്ന് കണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.