ഇരിട്ടി: മാക്കൂട്ടം-ചുരം റോഡ് വഴി കുടകിലേക്ക് പ്രവശിക്കുന്നതിന് മലയാളികൾക്ക് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാക്കൂട്ടം ചെക്ക്പോസ്റ്റിലേക്ക് മടിക്കേരി ജില്ല കോൺഗ്രസ് കമ്മിറ്റിയും ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയും നടത്തിയ മാർച്ചിൽ വൻ പ്രതിഷേധം. ഇതേത്തുടർന്ന് അന്തർസംസ്ഥാന പാതയിൽ ഒരു മണിക്കൂറിലധികം ഗതാഗതം മുടങ്ങി. സംസ്ഥാന അതിർത്തിയായ കൂട്ടുപുഴ പാലത്തിന് സമീപം ഡി.വൈ.എഫ്.ഐ മാർച്ചിനെ പ്രതിരോധിക്കാൻ കർണാടക പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചെങ്കിലും പ്രവർത്തകർ ബാരിക്കേഡും കർണാടക പൊലീസിനെയും തള്ളിമാറ്റി മുന്നോട്ടുനീങ്ങി.
വീരാജ്പേട്ട സി.ഐ ബി.എസ്. ശ്രീധറിെൻറ നേതൃത്വത്തിൽ 25ഓളം പൊലീസുകാർക്ക് സമരക്കാരെ തടയാനായില്ല. ഇരിട്ടി സി.ഐ കെ.ജെ. ബിനോയിയുടെ നേതൃത്വത്തിൽ കേരള പൊലീസ് ഇടപെട്ട്, സമരക്കാർ കർണാടകയുടെ അധീന മേഖലയിലേക്ക് അതിക്രമിച്ചുകയറുന്നത് തടഞ്ഞു. കച്ചേരിക്കടവ് പാലത്തിൽനിന്നും ആരംഭിച്ച മാർച്ചിൽ നിരവധി പേർ പങ്കെടുത്തു. മാർച്ച് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എം. ഷാജർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് സിദ്ധാർത്ഥദാസ് അധ്യക്ഷത വഹിച്ചു. എം.എസ്. അമർജിത്ത്, പി.വി. ബിനോയ്, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ.എസ്. സത്യൻ, എൻ. അശോകൻ എന്നിവർ സംസാരിച്ചു.
കുടക് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാക്കൂട്ടം ചെക്ക്പോസ്റ്റിലേക്ക് വീരാജ്പേട്ട ടൗണിനു സമീപത്തുനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കുടക് ഡി.സി.സി പ്രസിഡൻറ് ധർമജ ഉത്തപ്പ ഉദ്ഘാടനം ചെയ്തു. തുടർന്ന് നിരവധി വാഹനങ്ങളിൽ എത്തിയ പ്രവർത്തകർ പ്രകടനമായി മാക്കൂട്ടം ചെക്ക്പോസ്റ്റിനു മുന്നിൽ പ്രതിഷേധം തീർത്തു. ഡി.സി.സി അംഗം സി.കെ. പൃഥ്വിനാഥ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഒരിടത്തും ഇല്ലാത്ത നിയമമാണ് കുടക് ഭരണകൂടം പിന്തുടരുന്നതെന്നും പ്രതിഷേധിക്കുന്നവരെ ദേശദ്രോഹികളാക്കി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വീരാജ്പേട്ട ടൗൺ കോൺഗ്രസ് പ്രസിഡൻറ് വി.ജി. മോഹൻ അധ്യക്ഷത വഹിച്ചു.
കുടക് മലയാളി കോൺഗ്രസ് ജില്ല പ്രസിഡൻറ് അബ്ദുൽ ഗഫൂർ, ഉപേന്ദ്ര, ശരത് കുമാർ, മുഹമ്മദ് റാഫി, ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് തോമസ് വർഗീസ്, ഡി.സി.സി അംഗം മട്ടിണി വിജയൻ, ഉളിക്കൽ പഞ്ചായത്ത് അംഗം ബിജു വെങ്ങരപള്ളി എന്നിവർ സംസാരിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് അതിർത്തിയിൽ വീരാജ്പേട്ട ഇരിട്ടി പൊലീസിെൻറ നേതൃത്വത്തിൽ സുരക്ഷയൊരുക്കിയിരുന്നു. ഇരിട്ടി എസ്.ഐമാരായ സുനിൽ കുമാർ, കെ. മനോജ്, ജെയിംസ്, ശ്യാമള വീരാജ്പേട്ട, എസ്.ഐ സിദ്ധലിംഗ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
ചുരം പാതയിൽ നാലുമാസമായി തുടരുന്ന നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുടകിൽ നിന്നും ആദ്യമായാണ് പ്രത്യക്ഷ സമരം ആരംഭിക്കുന്നത്്. ഇത് കുടക് ഭരണകൂടത്തിന് തലവേദനയാകും. ആർ.ടി.പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ കുടകിലേക്ക് പ്രവേശിക്കാൻ കഴിയു. ഈ നിയന്ത്രണം ഡിസംബർ എട്ടുവരെ തുടരാനാണ് പുതിയ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.