എടക്കാട്: എടക്കാട് മുതൽ മുഴപ്പിലങ്ങാട് മാഹി ബൈപാസ് തുടങ്ങുന്ന മഠം വരെയുള്ള ദേശീയപാത ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയായതോടെ ഇതോടനുബന്ധിച്ച് നിർമാണം നടത്തിയ സർവിസ് റോഡുകളിൽ കാൽനടക്കാർ ഉൾപ്പെടെയുള്ളവരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ അപകടം തുടർക്കഥയാവുന്നു.
കോഴിക്കോടുനിന്ന് കണ്ണൂരിലേക്ക് പോകുന്ന ദീർഘദൂര ബസുകളും തലശ്ശേരി വഴി വന്ന് മഠം സ്റ്റോപ്പിൽനിന്ന് ആറുവരിപ്പാതയിലേക്ക് കയറുന്നതിന് ഒരു അടയാളവും ഇല്ലാത്തതിനാൽ ദീർഘദൂര ബസുകളും തലശ്ശേരിയിലൂടെ കണ്ണൂരിലേക്ക് പോകുന്ന നാഷനൽ പെർമിറ്റ് ചരക്കുലോറികളും മുഴപ്പിലങ്ങാട് വഴി പോകുന്ന ഇടുങ്ങിയ സർവിസ് റോഡ് വഴി പോകുന്നത് ഗതാഗതസ്തംഭനത്തിനും അപകടത്തിനും കാരണമാവുകയാണ്.
പല സ്ഥലങ്ങളിലും സർവിസ് റോഡ് ടാറ് ചെയ്യാതെ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതുകാരണം ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നതും പതിവാണ്.
എടക്കാട് ഭാഗത്ത് സർവിസ് റോഡ് 100 മീറ്ററോളം ടാർ ചെയ്തിട്ടില്ല. ഇവിടെയും നിരവധി അപകടങ്ങളാണ് ഉണ്ടായത്. ചൊവ്വാഴ്ച രാത്രി തലശ്ശേരി ചേറ്റംകുന്നിലെ വീട്ടിൽനിന്ന് മുഴപ്പിലങ്ങാട്ടെ ഭാര്യവീട്ടിലേക്ക് സ്കൂട്ടറിൽ വരവേ മഠത്തിന് സമീപത്തുവെച്ച് ദീർഘദൂര സർവിസ് നടത്തുന്ന പാസ്റ്റ് പാസഞ്ചർ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ശജ്മീർ (42) മരിച്ച സംഭവം ഇത്തരത്തിലുണ്ടായതാണ്. സർവിസ് റോഡിന്റെ ഓരംചേർന്ന് പോവുകയായിരുന്ന ശജ്മീറിനെ അമിതവേഗത്തിലെത്തിയ ബസ് ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഇത് ശരിവെക്കുകയാണ്.
സിവിൽ എൻജിനീയറും മികച്ച ആർകിടെക്ടുമാണ് മരിച്ച ശജ്മീർ. രണ്ടു മക്കളുടെ പിതാവുകൂടിയായ യുവാവിന്റെ അപകട മരണം രണ്ട് നാടുകളെതന്നെ ദുഃഖത്തിലാക്കി.
നാട്ടിൽതന്നെ കെട്ടിട നിർമാണ മേഖലയിൽ എൻജിനീയറായി ജോലി ചെയ്തുവരുകയായിരുന്നു ശജ്മീർ. തലശ്ശേരിയിലെ മാതാവിന്റെ വീട്ടിൽനിന്നും സ്കൂട്ടറിൽ പുറപ്പെട്ട ഇദ്ദേഹം മുഴപ്പിലങ്ങാട് കുളം ബസാറിലെ ഭാര്യവീടിന്റെ ഏതാനും മീറ്ററുകൾക്കകലെയെത്തിയപ്പോഴാണ് അപകടമുണ്ടായത്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബുധനാഴ്ച വൈകീട്ട് അഞ്ചോടെ സ്റ്റേഡിയം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. തലശ്ശേരിയിലെ പരേതരായ അഹമ്മദ് ഹാജിയുടെയും ബി. ആയിശയുടെയും മകനാണ്. ഭാര്യ: ശബാന അബ്ബാസ് (ടീച്ചർ, ദയാനഗർ). മക്കൾ: ഫാദില അയ്ശ, ഹാസിനുഅ (ഇരുവരും ഹിഫ്ള് വിദ്യാർഥിനികൾ). സഹോദരങ്ങൾ: സക്കരിയ, റഫീഖ്, അസീസ്, റഹ്മത്ത്, റംലത്ത്, പരേതനായ അഷ്റഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.