ശ്രീകണ്ഠപുരം: കാലത്തിന്റെ ചുവരുകളിൽ ചോര ചിന്തി ചരിത്രംരചിച്ച സേലം ജയിൽ വെടിവെപ്പിന് 73 വയസ്സ്. വിപ്ലവവീര്യത്തിൽ ഏറ്റുവാങ്ങിയ വെടിയുണ്ടയും പേറി ഡെയ്ഞ്ചർ കമ്യൂണിസ്റ്റ് ഇന്നും ജീവിക്കുന്നു. കാവുമ്പായിയിലെ ഇ.കെ. നാരായണൻ നമ്പ്യാരാണ് (100) ചരിത്രസത്യം വീറോടെ ഇന്നും പറയുന്നത്. ജന്മി-നാടുവാഴി പോരാട്ടത്തിനിടെ 1946 ഡിസംബർ 30ന് കാവുമ്പായി സമരക്കുന്നിൽ അഞ്ചു കർഷകപോരാളികളെയാണ് എം.എസ്.പി സംഘം കാവുമ്പായി സമരക്കുന്നിൽ വെടിവെച്ചുകൊന്നത്. 180 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. 105 പേരെ പിടികൂടി ശിക്ഷിച്ചു. കാവുമ്പായി സമരത്തിന്റെ ഭാഗമായതിനാൽ നിരവധി പേരെ വേട്ടയാടി പിടികൂടിയതിനിടെയാണ് ഇ.കെ. നാരായണൻ നമ്പ്യാരും പൊലീസിന്റെ പിടിയിലായത്.
ആദ്യം തളിപ്പറമ്പ്, കോഴിക്കോട് സബ് ജയിലുകളിലും ശിക്ഷ വിധിച്ചശേഷം വെല്ലൂർ, സേലം ജയിലുകളിലും കഴിയേണ്ടിവന്നു ഈ വിപ്ലവകാരിക്ക്. 1950 ഫെബ്രുവരി 11ന് സേലം ജയിലിൽ നടന്ന പൊലീസ് വെടിവെപ്പിൽ നാരായണന് വെടിയേറ്റു. സെല്ലിനകത്ത് മുദ്രാവാക്യംവിളിച്ചതിന് നിരായുധരായ സമരനായകർക്കുനേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. പിതാവ് തളിയൻ രാമൻ നമ്പ്യാരടക്കം 22 കർഷകപോരാളികൾ ജയിലിനകത്ത് വെടിയേറ്റ് മരിച്ചുവീണ ദുരന്തകാഴ്ചക്ക് നാരായണൻ നമ്പ്യാർ സാക്ഷിയായി. 148 പേർക്ക് അന്ന് പരിക്കേറ്റിരുന്നു. അന്ന് തറച്ച വെടിയുണ്ടയുടെ ചീളുകൾ ഇന്നും നാരായണൻ നമ്പ്യാരുടെ കാലിൽ കാണാനുണ്ട്. വെടിവെപ്പിനുശേഷം പരിക്കേറ്റവർക്ക് നാമമാത്ര ചികിത്സ നൽകി. തുടർന്ന് സേലം ജയിലിൽതന്നെ മറ്റൊരു സെല്ലിലാണ് നാരായണനടക്കമുള്ളവരെ പാർപ്പിച്ചത്. സെല്ലിന് ഡെയ്ഞ്ചർ കമ്യൂണിസ്റ്റ് എന്ന ബോർഡും സ്ഥാപിച്ചിരുന്നു.
പ്രതിഷേധാഗ്നിയുമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന കാരണത്താലാണ് നാരായണനെയും മറ്റും ഡെയ്ഞ്ചർ കമ്യൂണിസ്റ്റുകളെന്ന് മുദ്രകുത്തി പ്രത്യേക സെല്ലിൽ പാർപ്പിച്ചത്. 1952ൽ രാജാജി മുഖ്യമന്ത്രിയായതോടെ നാരായണനടക്കമുള്ളവരെ കണ്ണൂർ ജയിലിലേക്കു മാറ്റി. ഏറെക്കാലത്തിനുശേഷം തടവിൽനിന്നു മോചനം ലഭിച്ചു. ജന്മി-നാടുവാഴി കർഷകപോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമയിലാണ് ജീവിതസായന്തനത്തിലും ഇ.കെ. നാരായണൻ എന്ന ഡെയ്ഞ്ചർ കമ്യൂണിസ്റ്റ്.
മകൻ ഗണേശന്റെ ഭാര്യ തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് ജീവനക്കാരിയാണ്. ഇവരുടെ വീട്ടിലാണ് ഇദ്ദേഹം നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.