കണ്ണൂർ: ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇക്കുറി പാഠപുസ്തകം നേരത്തേ കൈയിലെത്തും. അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം തിങ്കളാഴ്ച നടക്കും.
പയ്യാമ്പലം ജില്ല പാഠപുസ്തക ഡിപ്പോയിൽ ഡി.ഡി.ഇ ശശീന്ദ്രവ്യാസ് കണ്ണൂർ നോർത്ത് സൊസൈറ്റിക്ക് പുസ്തകങ്ങൾ കൈമാറി വിതരണ ഉദ്ഘാടനം നിർവഹിക്കും. ഒന്നുമുതൽ പത്തു വരെ ക്ലാസുകളിലായി 23 ലക്ഷം പുസ്തകങ്ങളാണ് ജില്ലയിൽ എത്തേണ്ടത്. ഇതിൽ ഒമ്പത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങൾ ഏതാണ്ട് പൂർണമായും എത്തി.
ആദ്യഘട്ടത്തിൽ ആറു ലക്ഷം പുസ്തകങ്ങളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ അവശേഷിക്കുന്നവകൂടി പ്രിന്റിങ് നടക്കുന്ന കാക്കനാട് കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിൽ നിന്ന് ജില്ലയിലെത്തിക്കും.
തുടർന്ന് ഡിപ്പോയിൽ നിന്ന് സൊസൈറ്റികൾക്കാണ് പുസ്തകം കൈമാറുക. സൊസൈറ്റിയിൽ അതത് സ്കൂൾ വഴി വിദ്യാർഥികളുടെ കൈയിലേക്കും. ഡിപ്പോയിലെത്തിച്ച പുസ്തകങ്ങളെ കുടുബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ തരംതിരിക്കുന്ന പ്രവൃത്തി ഇപ്പോൾ നടക്കുകയാണ്. ആദ്യമായിട്ടാണ് ഒരു അധ്യയന വർഷം പൂർത്തിയാകുന്നതിന് മുമ്പ് അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ ഡിപ്പോയിലെത്തുന്നത്.
മുൻവർഷങ്ങളിൽ ജൂൺ മാസത്തിലാണ് പുസ്തകങ്ങൾ ഡിപ്പോയിൽതന്നെയെത്താറ്. തുടർന്ന് സൊസൈറ്റി വഴി സ്കൂളിലെത്തുമ്പോൾ വിതരണം വൈകാറാണ് പതിവ്. ഇത്തവണ വിതരണം കുറ്റമറ്റതാക്കാൻ പ്രിന്റിങ് അടക്കം നേരത്തേയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.