തലശ്ശേരി: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് തലശ്ശേരിയിൽ കടലേറ്റം ശക്തമാകുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തലശ്ശേരി തീരത്ത് കടൽ കൂടുതൽ പ്രക്ഷുബ്ധമാണ്. വ്യാഴാഴ്ച പുലർച്ച തലശ്ശേരി ജവഹർഘട്ടിന് സമീപം കടലേറ്റമുണ്ടായിരുന്നു. കടൽവെള്ളം കരയിലേക്ക് ഇരച്ചെത്തിയതിനാൽ തീരത്ത് നിർത്തിയിട്ടിരുന്ന ഏതാനും മീൻപിടിത്ത തോണികൾക്ക് കേടുപാടുകളുണ്ടായിരുന്നു. മത്സ്യശത്താഴിലാളികൾ എത്തി തോണികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു.
ചാലിൽ, തലായി, ഗോപാലപേട്ട ഭാഗങ്ങളിലും പുലർച്ച കടൽക്ഷോഭമുണ്ടായി. പിയർ റോഡിൽ കടൽപാലം പരിസരത്താണ് വെളളി, ശനി ദിവസങ്ങളിൽ കടലേറ്റം രൂക്ഷമായതായി കാണപ്പെടുന്നത്. തിരമാലകൾ ഏറെ ഉയരത്തിൽ പൊങ്ങി ആഞ്ഞടിക്കുകയാണ് ഇവിടെ. പാലത്തിന്റെ ഇരുവശങ്ങളിലും ശക്തമായ തിരയിളക്കം അനുഭവപ്പെടുന്നുണ്ട്.
കാലപ്പഴക്കത്താൽ പാലത്തിലേക്കുളള ആളുകളുടെ പ്രവേശനം നേരത്തേ മതിൽകെട്ടി നിരോധിച്ചിരുന്നു. കടലേറ്റം ശക്തമായതോടെ പാലം കൂടുതൽ
അപകടാവസ്ഥയിലാണ്. കടൽവെള്ളം പാലത്തിന് മുകളിലേക്കും ഇരച്ചെത്തുകയാണ്. പാലത്തിനും പോർട്ട് ഓഫിസിനുമിടയിൽ നടപ്പാത നിർമിച്ചതിനാൽ സായാഹ്നങ്ങളിൽ ആളുകളുടെ ഒഴുക്കാണ്.
കുട്ടികളും സ്ത്രീകളുമടക്കം നടപ്പാതയിലെ സീറ്റുകളിൽ വിശ്രമിക്കാനിരിക്കാറുണ്ട്. കടലേറ്റമുള്ള സമയങ്ങളിൽ വെളളം വീശിയടിക്കുന്നത് തടയാൻ ഒരു സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല.
പാലം സംരക്ഷിക്കുമെന്ന് പലതവണ പറഞ്ഞു കേട്ടിരുന്നെങ്കിലും ഒന്നും തന്നെ ഇതുവരെ നടന്നിട്ടില്ല. കഴിഞ്ഞ വർഷം മുംബൈയിൽ നിന്നും മറ്റും വിദഗ്ധ സംഘമെത്തി പാലം പരിശോധിച്ചതല്ലാതെ, ഇതുസംബന്ധിച്ച ഒരു തീരുമാനവും പിന്നീടുണ്ടായിട്ടില്ല. പതനത്തിന്റെ നാളുകളെണ്ണുകയാണ് തലശ്ശേരിയുടെ ചരിത്ര സ്മാരകമായ ഈ കടൽപാലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.