പെൻഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ സർവീസ് പെൻഷനേഴ്സ് പ്രക്ഷോഭത്തിലേക്ക്

കണ്ണൂർ: സർക്കാർ ജീവനക്കാരുടെ പെൻഷൻ കണക്കാക്കുന്നതിന് സർവീസ് കാലയളവ് നിർണ്ണയിക്കുന്നതിനുള്ള രീതിയിൽ മാറ്റം വരുത്തി പെൻഷൻ ആനുകൂല്യങ്ങൾ കവരുന്ന നടപടിയിൽ കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. നടപടി പിൻവലിച്ചില്ലെങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശക്തമായ പ്രക്ഷോഭത്തിന്നിറങ്ങുമെന്നും കെ.എസ്.എസ്.പി.എ മുന്നറിയിപ്പ് നൽകി.

ഒക്ടോബർ ഒന്നിനു  ജിഒ (പി) 130/ 2020 അസാധാരണ ഗസറ്റിലൂടെയാണ് പെൻഷൻ അവകാശങ്ങൾ വെട്ടിച്ചുരുക്കിയത് സർവീസിന്‍റെ കൂടെ ലീപ് ഇയർ (ഫെബ്രുവരി 29) കണക്കാക്കാമെന്ന ഉത്തരവിന്‍റെ മറവിലാണ് ഒരു പ്രഹരം കൂടി ജീവനക്കാർക്ക് മേൽ  അടിച്ചേൽപ്പിച്ചിരിക്കുന്നത്.

സേവന കാലം കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തി ഘട്ടംഘട്ടമായി പെൻഷൻ തന്നെ ഇല്ലാതാക്കുന്നതിലേക്കാണ് സർക്കാർ പോകുന്നതെന്നും കെ.എസ്.എസ്.പി.എ ആരോപിച്ചു. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ധൂർത്തും സ്വപ്ന സുരേഷടക്കമുള്ളവരുടെ വഴിവിട്ട നിയമനങ്ങളും മൂലമുണ്ടായ സാമ്പത്തിക നഷ്ടം നികത്താനാണ് ജീവനക്കാരുടെയും പെർഷൻകാരുടെയും പിച്ചചട്ടിയിൽ കയ്യിട്ട് വാരുന്നതെന്നും കെ.എസ്.എസ്.പി.എ കുറ്റപ്പെടുത്തി

നിലവിൽ പെൻഷൻ കണക്കാക്കുമ്പോൾ 29 വർഷവും ചുരുങ്ങിയത് ഒരു ദിവസവും കൂടി 30 വർഷമായി സർവീസ് കണക്കാക്കി ഫുൾപെൻഷൻ അനുവദിക്കുന്നത് ഒഴിവാക്കിയിരിക്കുകയാണ്. ആറു മാസത്തിൽ അധികമുള്ള സർവീസ് ഒരുവർഷമായി കണക്കാക്കിയിരുന്നത് ഇനി മുതൽ 9 മാസത്തിൽ കൂടുതൽ ഉണ്ടെങ്കിൽ മാത്രമെ ഒരു വർഷ സർവീസായി കണക്കാക്കുകയുള്ളുവെന്നായി.

പെൻഷനു ക്വാളിഫയിങ് സർവീസ് കണക്കാക്കുമ്പോൾ പൂർണ വർഷത്തിനു പുറമേ ആറുമാസത്തിൽ അധികം വരുന്ന സർവീസ് ഒരു വർഷമായും ആറു മാസത്തിൽ  കുറവുള്ള സർവീസ് പൂർണമായും ഒഴിവാക്കിയുമാണ് ക്വാളി ഫെയിങ് സർവീസ് കണക്കാക്കിയിരുന്നത്. ഇനി മുതൽ പെൻഷൻ കണക്കാക്കുമ്പോൾ പൂർണ വർഷങ്ങൾക്കു പുറമേ മൂന്നു മാസവും അതിൽ  കൂടുതലും എന്നാൽ 9 മാസത്തിൽ കുറവും വരുന്ന സർവീസ് അര വർഷമാക്കി കൂട്ടി പെൻഷൻ കണക്കാക്കണം. മൂന്നു മാസത്തിൽ കുറവുള്ളത് ഒഴിവാക്കും.

9 മാസവും അതിൽ കൂടുതൽ ഉള്ള സർവീസ് മാത്രമേ ഒരു വർഷമായി കണക്കാക്കുകയുള്ളൂ.  9 വർഷവും ഒരു ദിവസവും 10 വർഷമായി കണക്കാക്കാം. എന്നാൽ 29 വർഷവും 1 ദിവസവും വന്നാൽ 30 വർഷമായി കണക്കാക്കി ഫുൾ പെൻഷൻ അനുവദിക്കുന്ന ആനുകൂല്യം നഷ്ടപ്പെടുത്തിയിരിക്കുന്നു. അതുപോലെ 32 വർഷവും ഒരു ദിവസവും കൂടി ഉണ്ടെങ്കിൽ 33 വർഷമായി സർവീസ് കണക്കാക്കാക്കി ഗ്രാറ്റിവിറ്റി അനുവദിച്ചിരുന്നതും ഇല്ലാതായിരിക്കുന്നുവെന്നും കെ.എസ്.എസ്.പി.എ ചൂണ്ടിക്കാട്ടി.

ജില്ലാ പ്രസിഡന്‍റ് കെ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.പി വേലായുധൻ, സംസ്ഥാന സെക്രട്ടറി പി. അബൂബക്കർ, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി. കരുണാകരൻ മാസ്റ്റർ, സെക്രട്ടറിയേറ്റംഗങ്ങളായ പി.സി വർഗീസ്, രവീന്ദ്രൻ കോയ്യോടൻ, പി.വി ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.