കണ്ണൂർ: കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകള്‍ക്കായുള്ള പുതിയ കമ്പനിയായ കെ-സ്വിഫ്റ്റിലേക്ക് മാറാനൊരുങ്ങി കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിലെ ഏഴ് സർവിസുകൾ. കണ്ണൂരിൽ അഞ്ചും തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിലെ ബംഗളൂരു സർവിസുകളുമാണ് സ്വിഫ്റ്റിലേക്ക് മാറുക.
അതിനിടെ തിരുവനന്തപുരത്തുനിന്നും തിങ്കളാഴ്ച വൈകീട്ട് കന്നി സർവിസ് തുടങ്ങിയ സ്വിഫ്റ്റ് ബസ് ചൊവ്വാഴ്ച പുലർച്ചയോടെ കണ്ണൂരിലെത്തി. തിരിച്ച് വൈകീട്ട് 5.45ന് തിരുവനന്തപുരത്തേക്ക് തിരിക്കും. പിറ്റേന്ന് രാവിലെ ആറിന് തിരുവനന്തപുരത്തെത്തും. അവിടെനിന്ന് വൈകീട്ട് 6.30നാണ് പുറപ്പെടുക. 1967 മുതൽ സർവിസ് തുടങ്ങിയ കെ.എസ്.ആർ.ടി.സിയുടെ അഭിമാന സർവിസ് കണ്ണൂർ ഡീലക്‌സ് സ്വിഫ്റ്റിന്റെ വരവോടെ ഓട്ടം നിർത്തും. ഡീലക്സിന്‍റെ സമയത്ത് വൈകീട്ട് 5.30ന് സ്വിഫ്റ്റ് സർവിസ് നടത്തുമെന്നായിരുന്നു നേരത്തെ ഉത്തരവിറങ്ങിയത്. എന്നാൽ, ചൊവ്വാഴ്ച കണ്ണൂർ ഡീലക്സിന് പിറകിലായി 5.45ന് പോകാനാണ് തങ്ങൾക്ക് നിർദേശമെന്ന് സ്വിഫ്റ്റ് ജീവനക്കാർ പറയുന്നു. രണ്ടിന്‍റെയും സമയം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. കണ്ണൂരിൽനിന്ന് ബംഗളൂരു (രാത്രി 9.30), ബംഗളൂരു ഡീലക്സ് (രാത്രി 7.00), കണ്ണൂർ- തിരുവനന്തപുരം ഡീലക്സ് (5.30), മധുര (വൈകീട്ട് 6.15) തുടങ്ങിയ നിലവിൽ ഓടുന്ന സർവിസുകളും വൈകീട്ട് ആറിന് പുതുച്ചേരിയിലേക്കുള്ള പുതിയ സർവിസുമാണ് സ്വിഫ്റ്റാവുക. ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയെങ്കിലും പുതിയ ബസും ജീവനക്കാരും എപ്പോൾ എത്തുമെന്നതുസംബന്ധിച്ച് വിവരമൊന്നുമില്ല. കണ്ണൂർ ഡീലക്സ് സ്വിഫ്റ്റാകുമെന്ന് എം.ഡിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അറിയിച്ചിരുന്നെങ്കിലും നിലവിൽ ഓട്ടം നിർത്തണമെന്ന നിർദേശവും ലഭിച്ചിട്ടില്ല.
അടുത്ത ദിവസം മുതൽ ഡീലക്സിനും ബ്രേക്കുവീഴുമെന്നാണ് കരുതുന്നത്. പ്രതിദിനം അരലക്ഷത്തിലേറെ വരുമാനമുള്ള അഭിമാന ബസാണ് ഓട്ടം അവസാനിപ്പിക്കുന്നത്. തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിലെ ബംഗളൂരു സർവിസുകൾ സ്വിഫ്റ്റിലേക്ക് മാറ്റുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം. കെ.എസ്.ആര്‍.ടി.സിയുടെ ദീർഘദൂര റൂട്ടുകള്‍ സ്വിഫ്റ്റ് കൈയടക്കുമെന്നുറപ്പാണ്. നിലവിൽ ഓൺലൈനായും ഡിപ്പോകളിലും ടിക്കറ്റെടുക്കാൻ സൗകര്യമുണ്ട്. ടിക്കറ്റ് വിൽപനക്കായി കണ്ണൂരിൽ അഞ്ചുവർഷം സേവനപരിചയമുള്ള ഫ്രഞ്ചൈസികൾ കണ്ടെത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.