ശ്രീകണ്ഠപുരം: മലബാർ കുടിയേറ്റത്തിന്റെ നിത്യ സ്മാരകമായി ചെമ്പന്തൊട്ടിയിൽ നിർമിക്കുന്ന ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയം ഇനിയും പൂർത്തിയായില്ല. പ്രവൃത്തി തുടങ്ങി ഏഴുവർഷം പിന്നിട്ടിട്ടും നിരാശക്കാഴ്ചയാണിവിടെ. 2015ൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് ശ്രീകണ്ഠപുരം നഗരസഭയിലെ ചെമ്പന്തൊട്ടി ടൗണിനടുത്തായി തലശ്ശേരി അതിരൂപത നൽകിയ സ്ഥലത്ത് കുടിയേറ്റ മ്യൂസിയത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തിയത്.
എന്നാൽ, ഏഴുവർഷമായിട്ടും ഒരു കെട്ടിടം പൂർണമായും മറ്റൊരു കെട്ടിടം ഭാഗികമായും നിർമിച്ചതല്ലാതെ മറ്റു പ്രവർത്തനങ്ങളൊന്നും നടത്തിയില്ല. ഇവിടങ്ങളിൽ കാടുകയറിയ കാഴ്ചയുമണ്ട്.
തലശ്ശേരി അതിരൂപത 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ഒരേക്കർ സ്ഥലത്താണ് മ്യൂസിയം നിർമാണം നടക്കുന്നത്. സംസ്ഥാന പുരാവസ്തു വകുപ്പിനു കീഴിൽ കിറ്റ്കോക്കായിരുന്നു ആദ്യം നിർമാണ ചുമതല. പ്രമുഖ ആർക്കിടെക്ട് ആർ.കെ. രമേഷായിരുന്നു മ്യൂസിയത്തിന്റെ രൂപകൽപന നടത്തിയത്. ആദ്യഘട്ടത്തിൽ 75 ലക്ഷം രൂപ സാംസ്കാരിക വകുപ്പും 50 ലക്ഷം കെ.സി. ജോസഫ് എം.എൽ.എയുടെ ഫണ്ടിൽനിന്നുമായിരുന്നു അനുവദിച്ചത്. 1.25 കോടി രൂപ കൊണ്ട് നിർമാണം തുടങ്ങി. ഒരു കെട്ടിടം പണിത് ഓടുവെച്ചു. ലളിതകല അക്കാദമിയുടെ കാക്കണ്ണൻപാറയിലെ കലാഗ്രാമത്തിന്റെ മാതൃകയിലായിരുന്നു നിർമാണം.
രണ്ടാംഘട്ടത്തിൽ പുരാവസ്തുക്കൾ പ്രദർശിപ്പിക്കാനായുള്ള ഒരു കെട്ടിടംകൂടി നിർമിച്ചിട്ടുണ്ട്. 75 ലക്ഷം രൂപയുടെ ആദ്യഘട്ടം പൂർത്തിയായി. 1.65 കോടി രൂപ വകുപ്പ് ഫണ്ടും കെ.സി. ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് 50 ലക്ഷം രൂപയും ചേർത്ത് ആകെ 2.15 കോടി രൂപക്കുള്ള രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. പിണറായി ഇൻഡസ്ട്രിയൽ കോഓപ്. സൊസൈറ്റിക്കാണ് ഇതിന്റെ നിർമാണ ചുമതല. മ്യൂസിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സജീവ് ജോസഫ് എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ കഴിഞ്ഞവർഷം സെപ്റ്റംബറിൽ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് 32.90 ലക്ഷം രൂപ കൂടി മ്യൂസിയത്തിനായി അനുവദിച്ചിരുന്നു. ഇനി കെട്ടിടം മുഴുവൻ പൂർത്തിയാക്കി ചുറ്റുമതിലും മറ്റും കെട്ടിയൊരുക്കേണ്ടതുണ്ട്. ഒപ്പം മ്യൂസിയത്തിലേക്കാവശ്യമായ സാധനങ്ങളും ശേഖരിക്കണം. ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി -നടുവിൽ റോഡ് വികസനവും ഇതുവരെ യാഥാർഥ്യമായിട്ടില്ല.
ഈ റോഡിൽനിന്ന് മ്യൂസിയത്തിലേക്കുള്ള റോഡ് ടാറിങ്ങും നടത്തണം. ഇതെല്ലാം യാഥാർഥ്യമാക്കി മ്യൂസിയം എന്ന് ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് കണ്ടറിയേണ്ട അവസ്ഥയാണ്.
ജില്ലയിലെ വിനോദസഞ്ചാര മേഖലയുടെ പ്രാധാന്യം കൂടി കണക്കിലെടുത്ത് കുടിയേറ്റ ചരിത്ര മ്യൂസിയം നിർമാണം വേഗത്തിൽ പൂർത്തിയാക്കി ഉടൻ തുറക്കണമെന്നും ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സജീവ് ജോസഫ് എം.എൽ.എ 'മാധ്യമ'ത്തോട് പറഞ്ഞു. വള്ളോപ്പള്ളിയുടെ പൂർണകായ പ്രതിമ മ്യൂസിയത്തിനു മുന്നിലെ റോഡരികിൽ സ്ഥാപിക്കുന്നതിനായി പ്രത്യേകം തുക അനുവദിക്കുമെന്നും എം.എൽ.എ പറഞ്ഞു.
മലബാർ കുടിയേറ്റ ചരിത്രം
1920 മുതൽ തിരുവിതാംകൂറിൽനിന്ന് മലബാറിലെ മലയോര മേഖലയിലേക്ക് എഴുപതുകളുടെ അവസാനകാലംവരെ നടന്ന കുടിയേറ്റമാണ് മലബാർ കുടിയേറ്റം.
1940 മുതൽ 60 വരെ ഇതിന്റെ പാരമ്യഘട്ടമായിരുന്നു. മലബാർ കുടിയേറ്റത്തിലെ അതിജീവനത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന മ്യൂസിയം എന്ന നിലയിലാണ് ഇതിന്റെ നിർമാണം തുടങ്ങിയത്.
കുടിയേറ്റ ജനതയുടെ സ്വപ്നങ്ങൾക്കൊപ്പം നടന്ന ബിഷപ് സെബാസ്റ്റ്യൻ വള്ളോപ്പള്ളിയുടെ പേരാണ് മ്യൂസിയത്തിന് നൽകിയത്. കുടിയേറ്റവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, തിരുവിതാംകൂർ ചരിത്രം, മറ്റ് ചരിത്ര സംഭവങ്ങൾ എന്നിവയെല്ലാം മ്യൂസിയത്തിൽ സ്ഥാപിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.