കണ്ണൂർ: ഖര-മാലിന്യ പ്ലാന്റുകളിലെ അഗ്നിബാധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ ഫയര്‍ ഓഡിറ്റ് സംഘവുമായി ദുരന്തനിവാരണ അതോറിറ്റി. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് കൗണ്‍സിലര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, എല്‍.എസ്.ജി എന്‍ജിനീയറിങ് വിങ്, അഗ്നിശമനസേന, റസിഡന്റ് അസോസിയേഷന് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഫയര്‍ ഓഡിറ്റ് സംഘമാണ് പ്രവര്‍ത്തിക്കുക. കൂടാതെ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരെ തദ്ദേശ വകുപ്പ് നിയോഗിച്ച് പതിവായി പരിശോധന നടത്താനും ദുരന്തനിവാരണ അതോറിറ്റിയുടെ ഉഷ്ണകാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ തീരുമാനിച്ചു. കെ.എസ്.ഡബ്യൂ.എം.പി ജില്ലയിലെ എം.സി.എഫ്, ആര്.ആർ.എഫ്, ഡംപ് സൈറ്റുകളില്‍ തീപിടിക്കുന്നത് തടയാന്‍ പതിവായി മോണിറ്ററിങ് ചെയ്യാനും നിര്‍ദേശം നല്കി.
ഫയര്‍ സ്റ്റേഷനുകളില്‍ മാലിന്യ പ്ലാന്റുകളില്‍ തീ അണക്കുന്നതിന് ആവശ്യമായ തയാറെടുപ്പ് നടത്തും. കാട്ടുതീ, മനുഷ്യ-മൃഗ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ തീരുമാനിച്ചു. സ്ഥിരമായി കാട്ടുതീ പടരുന്ന പ്രദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കണ്ടെത്തി അവിടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍ദേശിച്ചു. കാട്ടുതീ ഉണ്ടാകുന്നിടത്ത് ഉടന്‍ വിവരം നല്കാന് വളന്റിയര്‍മാരെ സജ്ജീകരിക്കണമെന്നും നിര്‍ദേശം നല്കി.
കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനമേഖലകളില്‍ വരുന്ന ഫയർ സ്റ്റേഷനുകളില്‍ കാട്ടുതീ നേരിടാനുള്ള ഒരുക്കങ്ങള്‍ സജ്ജീകരിക്കാനും തീരുമാനിച്ചു. വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കാട്ടുതീയുമായി ബന്ധപ്പെട്ട് ജാഗ്രത പുലര്‍ത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പും നല്‍കണം. മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങളുടെ കടന്നുകയറ്റം കുറക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍ അതിര്‍ത്തികളില്‍ റിഫ്ലക്ടര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാനും യോഗത്തില്‍ നിര്‍ദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.