ശ്രീകണ്ഠപുരം: ജില്ലയിൽ ഉരുൾപൊട്ടൽ ഭീഷണി പ്രദേശങ്ങളിൽ മാത്രം 28 ക്വാറികൾ പ്രവർത്തിക്കുന്നതായി ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്. കനത്ത മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമാകുന്ന സാഹചര്യത്തിലാണ് അധികൃതർ പരിശോധന നടത്തിയത്.
നിടിയേങ്ങ വില്ലേജിൽ എട്ട് ക്വാറികളും തൃപ്രങ്ങോട്ടൂര്‍ വില്ലേജില്‍ ഏഴ് ക്വാറികളും വെള്ളാട് വില്ലേജില്‍ മൂന്ന് ക്വാറികളും പയ്യാവൂര്‍ വില്ലേജില്‍ രണ്ട് ക്വാറികളും ആലക്കോട്, ഏരുവേശ്ശി, കുറ്റൂര്‍, പെരിങ്ങോം, തിരുമേനി, തോലമ്പ്ര, വയക്കര, വയത്തൂര് വില്ലേജുകളില്‍ ഓരോന്ന് വീതവും ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. അതോറിറ്റിയുടെ മാപ്പില്‍ ഇക്കാര്യം വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ മൈനിങ് ആൻഡ് ജിയോളജി വകുപ്പിെൻറ കണക്കുപ്രകാരം 65 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 28 എണ്ണമാണ് അപകടമേഖലയില്‍ സ്ഥിതി ചെയ്യുന്നത്. 26 ക്വാറികളില്‍ 12 എണ്ണം കുറഞ്ഞ കാലത്തേക്ക് മാത്രം അനുമതി നേടിയവയാണ്. 53 എണ്ണം ലീസിന് വാങ്ങിയ ഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നത്. 10 ക്വാറികള്‍ അനുമതിക്കായി കാത്തുനില്‍ക്കുന്നുണ്ട്. പെരിങ്ങോം വില്ലേജില്‍ രണ്ട് ക്വാറികളും തൃപ്രങ്ങോട്ടൂര്‍ വില്ലേജിലെ ഏതാനും ക്വാറികളും ജനകീയ സമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയിരിക്കുകയാണ്.
മറ്റ് പല ക്വാറികൾക്കെതിരെയും പ്രദേശവാസികൾ പരാതി നൽകുകയും സമരം നടത്തുകയും ചെയ്തിരുന്നു. ക്വാറികൾ പ്രവർത്തിക്കുന്ന മലമടക്കു ഗ്രാമങ്ങളിലുള്ളവർ നിലവിൽ ഉരുൾപൊട്ടൽ ഭീതിയിലാണ് കഴിയുന്നത്.
26വരെ താല്ക്കാലികനിരോധനം
കണ്ണൂർ: സംസ്ഥാനത്ത് ഒക്ടോബര്‍ 25വരെ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ അപകട സാധ്യത മുന്‍ നിര്‍ത്തി ജില്ലയിലെ ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം ഒക്ടോബര്‍ 26 വരെ താല്‍ക്കാലികമായി നിരോധിച്ച് ജില്ല കലക്ടര്‍ ഉത്തരവിട്ടു.
ശ്രീകണ്ഠപുരത്ത് മുന്നൊരുക്ക പ്രവൃത്തി തുടങ്ങി
ശ്രീകണ്ഠപുരം: സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പു നൽകിയ സാഹചര്യത്തിൽ ശ്രീകണ്ഠപുരം നഗരസഭയിൽ പ്രകൃതി ദുരന്തം നേരിടുന്നതിന് മുന്നൊരുക്ക പ്രവർത്തനങ്ങൾ തുടങ്ങി.
ജനപ്രതിനിധികളുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. പ്രളയക്കെടുതി നേരിടാനായി നഗരസഭ തലത്തിൽ 'എമർജൻസി റെസ്പോൺസ് ടീം' എന്ന പേരിൽ ദുരന്തനിവാരണ സേന രൂപവത്കരിച്ചു. നഗരസഭയിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സാഹചര്യം പരിശോധിച്ച് മാറ്റിത്താമസിപ്പിക്കാൻ തീരുമാനിച്ചു.
വാർഡ് തലത്തിൽ കൗൺസിലറുടെ നേതൃത്വത്തിൽ ജാഗ്രത സമിതികളുടെ പ്രവർത്തനം ശക്തമാക്കും.
വ്യാപാരികൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ പ്രളയ ദുരന്തം നേരിട്ട പ്രദേശങ്ങളിലെ ജനങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്കോ ബന്ധു വീടുകളിലോ മാറിത്താമസിക്കണമെന്ന് യോഗം നിർദേശിച്ചു.
പൊതുസ്ഥലങ്ങളിലും മറ്റും അപകടകരമായ രീതിയിൽ കിടക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിക്കും. ആവശ്യമെങ്കിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും യോഗത്തിൽ തീരുമാനമായി. ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശൻ, അഗ്നിരക്ഷനിലയം ഓഫിസർ സി.വി. ബാലചന്ദ്രൻ, നഗരസഭ സൂപ്രണ്ട് അനീഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ റഫീഖ്, ശശീന്ദ്രൻ, എ.എഫ്.ഒ അബ്ദുൽ സലാം, കെ.എസ്.ഇ.ബി അസി. എൻജിനീയർ പത്മനാഭൻ, വില്ലേജ് ഓഫിസർ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.