ശ്രീകണ്ഠപുരം: അത്യപൂർവ പ്രകൃതി ദൃശ്യങ്ങൾക്കൊപ്പം ഇനി രാത്രികാലങ്ങളിൽ നിറവെളിച്ചത്തിൽ നീരാടാനൊരുങ്ങി പാലക്കയംതട്ട് . മലബാറിലെ ഊട്ടിയെന്നറിയപ്പെടുന്ന പാലക്കയംതട്ടില്‍ കാഴ്ചയുടെ വിസ്മയം തീര്‍ക്കാന്‍ ഫീല്‍ഡ് ഓഫ് ലൈറ്റ് സംവിധാനമാണ് ഒരുങ്ങുന്നത്. പ്രകൃതി രമണീയത ഒട്ടും നഷ്ടപ്പെടാതെയാണ് ഒന്നരക്കോടി രൂപ ചെലവിൽ പത്തേക്കർ സ്ഥലത്തായി മിന്നിത്തിളങ്ങുന്ന വ്യത്യസ്ത ലൈറ്റുകൾ സ്ഥാപിച്ചത്. അമേരിക്കന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് 60,000 ചെറുലൈറ്റുകളാണ് ഒരുക്കിയത്. ഇത് പ്രവര്‍ത്തനക്ഷമമാകുന്നതോടെ പാലക്കയംതട്ട് മലമടക്കുകള്‍ സുന്ദരവെളിച്ചത്തിന്റെ പറുദീസയാകും.
പാലക്കയംതട്ട് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പു ചുമതലയുള്ള കെ.എന്‍. നിസാറിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നിര്‍മാണം പുരോഗമിക്കുന്നത്. ചെറുവ്യവസായ യൂനിറ്റ് തന്നെ പാലക്കയംതട്ടില്‍ സ്ഥാപിച്ചാണ് ഉപകരണങ്ങളും മറ്റും നിര്‍മിക്കുന്നത്. ഭീമമായ നിര്‍മ്മാണ ചെലവ് ചുരുക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. സോളാര്‍ വൈദ്യുതി ഒപ്റ്റിക്കല്‍ ഗ്ലാസ് ഫൈബര്‍ വഴി കടത്തിവിട്ടാണ് പ്രകാശം വിസരണ ഭാഗത്ത് എത്തിക്കുന്നത്.
സഞ്ചാരികൾക്ക് ഇത് ചുറ്റിക്കറങ്ങി കാണാനായി നടപ്പാതകളിൽ ഇരുവശവും കൈവരികളും സ്ഥാപിച്ചിട്ടുണ്ട്. പകല്‍വെളിച്ചം മങ്ങുന്നതോടെ മലമടക്കുകളില്‍ നിറവെളിച്ചം തെളിയും. ആയിരക്കണക്കിന് മിന്നാമിനുങ്ങുകള്‍ വ്യത്യസ്ത നിറങ്ങളില്‍ മിന്നുന്നതായാണ് കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുക. ഏതെങ്കിലും കാരണത്താല്‍ ഇവ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കേണ്ടിവന്നാല് എളുപ്പത്തില്‍ ഊരിയെടുത്ത് കൊണ്ടുപോകാനും സാധിക്കും. സഞ്ചാരികൾക്ക് സ്വപ്നങ്ങളിൽ മാത്രമായിരുന്ന വർണ വിസ്മയമാണ് ആദ്യമായി പാലക്കയംതട്ടില്‍ ഒരുങ്ങുന്നത്.
സംസ്ഥാനത്ത് മറ്റൊരു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇത്തരം വർണവെളിച്ചം ഇതുവരെ സ്ഥാപിച്ചിട്ടില്ലെന്നാണ് ഇതിന്റെ നടത്തിപ്പുകാർ പറയുന്നത്. 90 ശതമാനത്തിലേറെ പണി പൂര്‍ത്തീകരിച്ച ഈ നൂതന കാഴ്ച അടുത്തമാസം ആദ്യവാരത്തോടെ സഞ്ചാരികൾക്കായി സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.