ശ്രീകണ്ഠപുരം: സ്വർണമാല ധരിച്ച് പച്ചക്കറിക്ക് വെള്ളമൊഴിക്കാന്‍ പതിവായി പോകാറുണ്ടായിരുന്ന വീട്ടമ്മക്ക് മകളുടെ ഉപദേശം ഗുണകരമായി. മകൾ പറഞ്ഞതിനാൽ മുക്കുപണ്ടം ധരിച്ച് പുറത്തിറങ്ങിയ വീട്ടമ്മയുടെ മാല മണിക്കൂറുകള്‍ക്കകം പിടിച്ചുപറിക്കാരൻ കൊണ്ടുപോയി. മലപ്പട്ടം കൊളന്തയിലെ റിട്ട. പൊലീസുദ്യോഗസ്ഥന്റെ ഭാര്യ തേലക്കാടന് പുതിയവീട്ടില്‍ ജാനകിക്കാണ് മകളുടെ വാക്ക് കേട്ടതിന്റെ പേരില്‍ സ്വർണമാല നഷ്ടപ്പെടാതിരുന്നത്.
വ്യാഴാഴ്ച രാവിലെയാണ് ജാനകിയുടെ കഴുത്തിലുണ്ടായിരുന്ന മാല ബൈക്കിലെത്തിയയാൾ പിടിച്ചുപറിച്ചത്. പച്ചക്കറിക്ക് വെള്ളമൊഴിക്കാന്‍ സാധാരണയായി രാവിലെ ജാനകി പോകുമ്പോള്‍ നാലരപവന്റെ സ്വർണ മാല കഴുത്തിലുണ്ടാകാറുണ്ട്. സ്വർണം ധരിച്ച് ഒറ്റക്ക് പോകുന്നത് ശരിയല്ലെന്ന് മകള്‍ അമ്മയോട് കര്‍ശനമായി വിലക്കിയിരുന്നു. ഇതുകേട്ട ജാനകി സ്വര്‍ണമാല വീട്ടില്‍ അഴിച്ചുവെച്ച് പകരം മുക്കുപണ്ടമണിഞ്ഞാണ് പച്ചക്കറിക്ക് വെള്ളമൊഴിക്കാൻ പോയത്.
ഈ സമയം റോഡിൽ ബൈക്ക് ദൂരെ നിര്‍ത്തിയിട്ട് ഒരാൾ എതിരേ നടന്നെത്തി മാല പൊട്ടിച്ചെടുത്ത് ഓടിപ്പോകുകയായിരുന്നു. പിന്നീട് ബൈക്കുമായി ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. ജാനകിയുടെ പതിവ് യാത്രയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാവാം പിടിച്ചുപറിക്കാരനെന്ന കണക്കുകൂട്ടലില്‍ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.