ശ്രീകണ്ഠപുരം: നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പത്തിന് നടക്കാനിരിക്കെ ഭരണം യു.ഡി.എഫിന് സ്വന്തമാക്കാനുള്ള നിര്‍ണായക നീക്കം ഡി.സി.സി നേതൃത്വത്തില്‍ കണ്ണൂരില്‍ തുടങ്ങി. തിങ്കളാഴ്ച കണ്ണൂരിൽ നടന്ന ചർച്ചയുടെ പിന്നാലെ ബേബി ഓടംപള്ളിക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ച് കോൺഗ്രസിലേക്ക് തിരിച്ചെടുത്തു.
നേരത്തെ സി.പി.എം പിന്തുണയോടെ പ്രസിഡന്റായതിനെ തുടര്‍ന്നാണ് ബേബിക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. എന്നാൽ, സി.പി.എം പിന്തുണയോടെ നടുവില്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബേബി ഓടംപള്ളിയെ വീണ്ടും പ്രസിഡന്റാക്കാനുള്ള ഡി.സി.സിയുടെ നീക്കത്തിനെതിരെ കടുത്ത നിലപാടുമായി എ ഗ്രൂപ് രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസിനെ വഞ്ചിച്ച് സി.പി.എമ്മിനൊപ്പം ചേര്‍ന്ന ബേബിയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്കി കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്.
ബേബി അടക്കം വിമത പ്രവര്‍ത്തനം നടത്തിയവരെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍, സ്ഥാനങ്ങള്‍ നല്‍കരുതെന്നുമാണ് എ ഗ്രൂപ്പിന്റെ നിലപാട്. തിങ്കളാഴ്ചയാണ് കണ്ണൂര്‍ ഡി.സി.സി ഓഫിസില്‍ നടുവിലെ പ്രശ്നപരിഹാരത്തിനായുള്ള നിര്‍ണായക ചര്‍ച്ചകള്‍ തുടങ്ങിയത്. ഡി.സി.സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജിന്റെ നേതൃത്വത്തിലാണ് ചർച്ച. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രമുഖ നേതാക്കള്‍ ഇതിൽ പങ്കെടുത്തിരുന്നു. നടുവില്‍ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങളുടെ യോഗമാണ് ഡി.സി.സി വിളിച്ചുചേര്‍ത്തത്. ഈ യോഗത്തില്‍നിന്ന് എ വിഭാഗത്തിലെ മൂന്ന് മെംബര്‍മാര്‍ പ്രതിഷേധ സൂചകമായി വിട്ടുനിന്നു.
എ ഗ്രൂപ്പിലെ പി.കെ. ബാലകൃഷ്ണന്, റെജി പടിഞ്ഞാറെ ആനശേരി, അലക്സ് ചുനയംമാക്കല്‍ എന്നിവരാണ് വിട്ടുനിന്നത്. അതേസമയം, കോണ്‍ഗ്രസിലെ മൂന്ന് മെംബര്‍മാരും മുസ്ലിം ലീഗിന്റെ മൂന്ന് മെംബര്‍മാരും യോഗത്തില്‍ പങ്കെടുത്തു. എ ഗ്രൂപ്പിന്റെ അമർഷം പരിഹരിച്ചാണ് പ്രസിഡന്റ് തീരുമാനം ഉറപ്പിക്കുക.
പ്രതിഷേധം ശക്തമാവുകയാണെങ്കിൽ ബേബിക്ക് ഭരണാവസാനം മാത്രമേ വീണ്ടും പ്രസിഡന്റ് സ്ഥാനം ലഭിക്കുകയുള്ളൂ. എന്നാൽ, സി.പി.എമ്മിന്റെ ഭരണം അവസാനിപ്പിച്ച് യു.ഡി.എഫ് പാളയത്തിലേക്കെത്തിച്ചതിനാൽ ബേബിയെത്തന്നെ പ്രസിഡന്റാക്കി മധുരപ്രതികാരം കാട്ടണമെന്ന നിലപാടും നേതൃത്വത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.